അവള്‍ തൃശൂരിലെ വീട്ടിലിരുന്ന് വിധിയറിഞ്ഞു; വിധിയറിഞ്ഞപ്പോള്‍ ഷോക്കായി; ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍; വൈകാതെ മാധ്യമങ്ങളെ കാണുമെന്നും സൂചന; കോടതി ഗൂഢാലോചന എന്ന ഗുരുതരമായ കാര്യത്തിലേക്ക് കടന്നതേയില്ലെന്ന് ബന്ധുക്കള്‍; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി; ആരെല്ലാം നിഷ്‌കളങ്കനെന്നും പറഞ്ഞാലും ചോറുണ്ണുന്നവര്‍ അത് വിശ്വസിക്കില്ലെന്ന് ഭാഗ്യലക്ഷ്മി

തൃശൂര്‍: ഇന്നുരാവിലെ താന്‍ ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരുമ്പോള്‍ അവള്‍ തൃശൂരിലെ വീട്ടിലുണ്ടായിരുന്നു – അവള്‍ ആക്രമിക്കപ്പെട്ട ആ നടി..
പതിനൊന്നുമണിക്ക് വിധി വരുമ്പോഴേക്കും അവള്‍ ഭക്ഷണമൊക്കെ കഴിച്ച് ടിവിക്ക് മുന്നിലിരുന്നിരുന്നു. കൂടെ എല്ലാ പിന്തുണയുമായി അവള്‍ക്കൊപ്പം വീട്ടുകാരും ബന്ധുക്കളും സിനിമയിലെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും.
ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ചെറിയൊരു പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നുവെന്ന് നടിയുടെ അടുത്ത ബന്ധുവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് ബി മേനോന്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ നേര്‍വിപരീതമായ വിധി വന്നപ്പോള്‍ ഷോക്കുണ്ടായി എന്നത് സത്യമാണ്.
ഷോക്കുണ്ടെങ്കിലും അവള്‍ കരയുകയൊന്നും ചെയ്തില്ലെന്നും വൈകാതെ മാധ്യമങ്ങളെ കാണാന്‍ ശ്രമിക്കുമെന്നും അഭിഭാഷകരുമായി ആലോചിച്ച് കോടതിവിധി കൂടി പരിശോധിച്ച ശേഷമായിരിക്കും അതെന്നും ബന്ധുക്കള്‍ പറഞ്ഞു.
നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്ന് നടിയുടെ തൃശൂരിലെ വീട്ടിലെത്തിയിരുന്നു.
വിധിയറിഞ്ഞ ശേഷം ഭാഗ്യലക്ഷ്മി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

നാലുകൊല്ലം മുന്‍പ് തൃശൂരില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അന്നു ഞാന്‍ പറഞ്ഞത് തന്നെ സംഭവിച്ചു. വിധി അന്നേ എഴുതി വെച്ചതാണ്. അത് ഇപ്പോള്‍ പറഞ്ഞെന്ന് മാത്രം.
ഇത്രയധികം തെളിവുകളും സാക്ഷികളുമൊക്കെയുണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിച്ച് നടത്തിയ വിധിയായി.
ഗൂഢാലോചന നടത്തിയതിനും മറ്റും നിരവധി തെളിവുകളും സാക്ഷികളുമൊക്കെ കോടതിക്ക് മുന്നില്‍ നിരത്തിയപ്പോള്‍ സ്വാഭാവികമായും ഒരു ശതമാനം പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നതുമില്ല.
എന്തുതന്നെയായാലും ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്. ആരെല്ലാം നിഷ്‌കളങ്കന്‍ എന്നു പറഞ്ഞാലും ഞങ്ങള്‍ അത് വിശ്വസിക്കില്ല. കേരളത്തില്‍ ചോറുണ്ണുന്ന ആരും അത് വിശ്വസിക്കില്ല.
അവള്‍ ശരിക്കും പോരാടി. എല്ലാ ട്രോമകള്‍ക്കും മധ്യേ കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു പെണ്‍കുട്ടിക്കും ധൈര്യവും മാതൃകയുമായി അവള്‍ കോടതിയിലും നിയമത്തിനു മുന്നിലും പോരാടി.
അവള്‍ നിശബ്ദമായി കാത്തുസൂക്ഷിച്ച ആ ഡീസന്‍സി അവള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. തുടര്‍നിയമനടപടികള്‍ എന്തുവേണമെന്ന് ഞങ്ങള്‍ ആലോചിക്കുന്നു. അത് അവള്‍ തന്നെ പറയും. ഈ കേരളത്തിലെ 95 ശതമാനം ആളുകള്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ അവള്‍ക്കൊപ്പം നിന്നവാണ്.
കൂലിപ്പണിക്കാര്‍ വരെ അങ്ങേയറ്റം വരെയുള്ളവര്‍ നേരിട്ടും അല്ലാതെയും സമൂഹമാധ്യമങ്ങള്‍ വഴിയും അവള്‍ക്കൊപ്പം നിന്നിട്ടുണ്ട്. അയാള്‍ ശിക്ഷിക്കപ്പെടണമെന്ന് തുറന്നുപറഞ്ഞവര്‍ ഏറെയാണ്. ഏഴാം പ്രതിയെ വെറുതെ വിട്ടുവെന്ന വിധി വന്നപ്പോഴേ എട്ടാം പ്രതിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വിധി ഉറപ്പായി.
ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞതിന് എന്റെ നേരെ എന്തെങ്കിലും കോടതി നടപടിയെടുക്കുമെങ്കില്‍ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ് – ഭാഗ്യലക്ഷ്മി പറഞ്ഞു.






