റണ്‍വേ സിനിമയുടെ ഇന്റര്‍വെല്‍ പഞ്ച് പോലെയെന്ന് ആരാധകര്‍; അടി സക്കേ ഡയലോഗടിച്ച് ദിലീപ് ഫാന്‍സുകാര്‍; ദിലീപിന് മടക്കിക്കിട്ടുന്നു നഷ്ടമായ സ്ഥാനമാനപദവികള്‍; കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന് ഇനി തിരിച്ചുവരവിന്റെ നാളുകള്‍; വിധിയില്‍ അതൃപ്തിയുമായി പലരും; പിന്തുണയുമായി സംഘടനകള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കഥ മാറുകയാണ്. ഒരു ബ്ലോക്കബസ്റ്റര്‍ സിനിമയിലെ ഇന്റര്‍വെല്‍ ബ്ലോക്ക് പോലെ ദിലീപ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനിനി തിരിച്ചുവരവിന്റെ നാള്‍വഴികള്‍.
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനെത്തുന്ന നായകന്റെ പവറും ഡയലോഗ് പഞ്ചും.
വിധിയറിഞ്ഞ് കോടതി വളപ്പില്‍ വെച്ചേ അതിന്റെ സൂചന ദിലീപ് തന്നുകഴിഞ്ഞു. പോലീസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഒരു ആക്ഷന്‍ സിനിമയുടെ പഞ്ച് സീന്‍ പോലൊരു സീന്‍. മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞുള്ള അപ്രതീക്ഷിത കടന്നാക്രമണം. എട്ടൊമ്പതു വര്‍ഷം നിങ്ങള്‍ പറഞ്ഞില്ലേ ഇനി ഞാന്‍ പറയട്ടെ എന്ന് മാധ്യമങ്ങളോടുള്ള ഡയലോഗ്….
അതെ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് ശക്തനായി തിരിച്ചുവരവിനൊരുങ്ങുകയാണ്.

തന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്കെതിരെ ആഞ്ഞിടിച്ചാണ് ദിലീപ് കോടതി വളപ്പ് കടന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആദ്യം പറഞ്ഞ് തനിക്കെതിരെ ഗൂഢാലോചനയുടെ സംശയം സൃഷ്ടിച്ചത് മഞ്ജുവാണെന്ന് ദിലീപ് ആദ്യമേ പറഞ്ഞു.
തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പോലീസ് കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്നാല്‍ ഇന്ന് കോടതി മുറിയില്‍ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞു. കേസില്‍ ഒപ്പം നിന്നവര്‍ക്കു നന്ദിയെന്ന് കുറ്റവിമുക്തനായ ദിലീപ് പ്രതികരിച്ചിരുന്നു.
പതിനെട്ടിന് റിലീസ് ചെയ്യുന്ന ഭഭബ എന്ന സിനിമ ദിലീപിന് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ നഷ്ടമായ ജനസമ്മതിയും പ്രേക്ഷകപ്രീതിയും ആരാധനയും താരപരിവേഷവുമെല്ലാം തിരിച്ചുപിടിക്കാനുള്ള തുറുപ്പുഗുലാനാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനപ്രിയ നായകനില്‍ നിന്ന് അപ്രിയനായകനായി മാറിയതില്‍ നിന്നുമുള്ള കരകയറലാണ്. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായില്ലായിരുന്നെങ്കില്‍ പുതിയ ചിത്രത്തിന്റെ റിലീസ് വരെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ വരെ പരന്നിരുന്നു. പക്ഷേ ഇനി ആ ചിത്രം ബോക്‌സോഫീസില്‍ കസറുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. രാമലീല പോലെ കൊട്ടും പാട്ടും ആഘോഷവും ആര്‍പ്പുവിളികളുമായി പുതിയ സിനിമയെ ദിലീപ് ഫാന്‍സുകാര്‍ കൊണ്ടാടാനൊരുങ്ങുകയാണ്.

അതേസമയം ദിലിപീനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രമുഖരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അതിജീവിതയുടെ വീട്ടിലിരുന്ന് കടുത്ത വിമര്‍ശനം കോടതിവിധിക്കെതിരെ ഉന്നയിച്ചപ്പോള്‍ നിര്‍മാതാവ് സുരേഷ്‌കുമാര്‍ ദിലീപിനെ വാഴ്ത്തിപ്പുകഴത്തി വാചാലനായി. മന്ത്രി സജി ചെറിയാനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അതിജീവിതക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന് കട്ടായം പറഞ്ഞു.
പ്രതികരണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഫെയ്‌സ്ബുക്കിലും അല്ലാതെയും വന്നുകൊണ്ടേയിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നും ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് നിമിഷ നേരം കൊണ്ടാണ് വൈറലായത്.
വളരെ ഹൃദയസപര്‍ശിയായാണ് ഉമ തോമസ് ആ കുറിപ്പെഴഴുതിയിരിക്കുന്നത്. അതിങ്ങനെ –
തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ ഒരിക്കലും തൃപ്തിയാകില്ല. കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രമാണ് – ഉമ കുറിച്ചിട്ടിരിക്കുന്നു.
അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍, ലക്ഷ്മിപ്രിയയെ പോലുള്ളവര്‍ ദിലീപിനെ പിന്തുണച്ചു.
അതിജീവിത നീതി നിഷേധത്തിന്റെ ഷോക്കിലാണെന്നും അവള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും റിമ കല്ലിങ്കല്‍ സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചു.
മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ.അജിത ദിലീപ് ജയിലില്‍ കിടന്നതു തന്നെ വലിയ കാര്യം എന്നും പ്രതികരിച്ചു.

ഇതെന്ത് നീതി എന്നാണ് പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഇനി ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ക്രൂരമായ ഒരു തിരക്കഥ ചുരുളഴിയുന്നത് കാണാമെന്നും പാര്‍വതി എഴുതി.
രാഹുല്‍ ഈശ്വറിന്റെ അഭാവത്തില്‍ രാഹുല്‍ ഈശ്വറിന്റെ ഫോണില്‍ നിന്ന് പ്രതികരിച്ച് ഭാര്യ ദീപാ രാഹുല്‍ ഈശ്വറും സാന്നിധ്യമറിയിച്ചു. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
സത്യം ജയിക്കും സത്യമേ ജയിക്കൂ എന്നായിരുന്നു ഫേയ്‌സ്ബുക്കില്‍ നടത്തിയ ആദ്യ പ്രതികരണത്തില്‍ സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ കുറിച്ചത്. ഈശ്വരന്‍ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങള്‍ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല, അന്നും ഇന്നും സത്യത്തിനൊപ്പം എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ദിലീപിനൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചുകൊണ്ടായിരുന്നു അഖിലിന്റെ കുറിപ്പ്.
ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയോട് വിധിയെക്കുറിച്ച് സംസാരിച്ചെന്നും പി.രാജീവ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ എന്നും എപ്പോഴും അതിജീവിതക്കൊപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അപ്പീല്‍ പോകുന്നതടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യം തെളിഞ്ഞുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ എംഎല്‍എ. ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീല്‍ പോകുമെന്നും പ്രോസിക്യൂഷന്‍ സൂചിപ്പിക്കുന്നുവെന്നും ഷൈലജ വ്യക്തമാക്കി. അപ്പീല്‍ നല്‍കാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും കെ.കെ.ഷൈലജ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് ശേഷം പ്രതികരണവുമായി താരസംഘടനയായ അമ്മയും രംഗത്തെത്തി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്ന് ഫേയ്‌സ്ബുക്കിലൂടെയാണ് അമ്മ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായ നേതൃത്വത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, സംഭവം കൂടുതല്‍ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു.
വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതില്‍ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്.
കൊച്ചിയില്‍ താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടക്കുകയാണ്. പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകള്‍ തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്. അത് കൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാല്‍ തിരികെ സംഘടനയിലേക്ക് വരാന്‍ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഞങ്ങള്‍ ദിലീപിനെ കുറ്റാരോപിതനായ സമയം അംഗ്വത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തമായി. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അംഗ്വത്വത്തെ സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന് ആലോചിക്കാന്‍ യൂണിയനോട് ആവശ്യപ്പെടുന്നുണ്ട്. ക്രിമിനല്‍ കുറ്റാരോപിതരായവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാറുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ്. അവിടെ ഞാന്‍ വിശേഷാധികാരം ഉപയോഗിക്കുന്നില്ല. സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെ. അദ്ദേഹത്തിന് താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല,’ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നടന്‍ ദിലീപിനെ പ്രോഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി രാകേഷ്. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്ത് നല്‍കിയാല്‍ മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. അതിജീവിതയ്ക്കും കുറ്റക്കാര്‍ അല്ലാത്തവര്‍ക്കും നീതി നിഷേധിക്കരുത് എന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടെന്നും രാകേഷ് വ്യക്തമാക്കി. ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നത്. അതാണ് കേസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്. ഇടക്കാലത്ത് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അന്ന് താല്‍ക്കാലിക അംഗത്വം നല്‍കിയിരുന്നു – ബി. രാകേഷ് കൂട്ടിച്ചേര്‍ത്തു.






