ലഖ്നൗ: വിമാനത്തിലുണ്ടായ തര്‍ക്കത്തില്‍ ഫ്ളൈറ്റ് ജീവനക്കാരനെ കടിച്ച് പരിക്കേല്‍പ്പിച്ച യുവതിക്കെതിരെ കേസ്. ആഗ്ര സ്വദേശിനിയായ യുവതിക്കെതിരെയാണ് ലഖ്നൗ സരോജിനി നഗര്‍ പൊലീസ് കേസെടുത്തത്.
ലഖ്നൗ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കാണ് യുവതിയെത്തിയത്. വിമാനത്തില്‍ കയറിയതും ഇവര്‍ പ്രകോപനമേതുമില്ലാതെ സഹയാത്രക്കാരോട് ചൂടാകാന്‍ തുടങ്ങി. ഫ്ളൈറ്റ് ജീവനക്കാരെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്നിറക്കാന്‍ ശ്രമിക്കവേ ജീവനക്കാരിലൊരാളുടെ കയ്യില്‍ ഇവര്‍ കടിക്കുകയായിരുന്നു. സിഐഎസ്എഫ് എത്തിയാണ് പിന്നീട് ഇവരെ വിമാനത്തില്‍ നിന്നിറക്കിയത്. തുടര്‍ന്ന് സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഐപിസി 324, 504 വകുപ്പുകള്‍ പ്രകാരം മനപ്പൂര്‍വ്വം പരിക്കുണ്ടാക്കിയതിനും സമാധാനാന്തരീക്ഷം തകര്‍ത്തതിനുമാണ് യുവതിയെക്കെതിരെ കേസ്.
മുംബൈയിലുള്ള സഹോദരിയെ സന്ദര്‍ശിക്കാനാണ് യുവതി യാത്ര തിരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിമാനത്താവളത്തിലെത്തിയത് മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്നും സരോജിനി നഗര്‍ എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി കൂട്ടിച്ചേര്‍ക്കുന്നു.