Breaking NewsCrimeKeralaLead NewsNEWSNewsthen Special

കേരളം നടുങ്ങിയ ആക്രമണം; ആക്രമിക്കപ്പെട്ടത് തൃശൂര്‍-എറണാകുളം യാത്രക്കിടെ; ആക്രമണം നടന്നത് 2017 ഫെബ്രുവരി 17ന്

 

തൃശൂര്‍: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം 2017 ഫെബ്രുവരി 17-നാണുണ്ടായത്. ഷൂട്ടിങ് ആവശ്യത്തിന് തൃശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്.
പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. രാത്രി വളരെ വൈകിയും ദിലീപിനെയും നാദിര്‍ഷായേയും ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതും നടന്‍ സിദ്ദിഖ് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയതുമൊക്കെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Signature-ad

ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് കേസിലുണ്ടായിരുന്നത്. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിനുശേഷമാണ് വിധി വന്നത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലീം), പ്രദീപ് എന്നിവരാണ് ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍.

 

കേസ് ഒറ്റനോട്ടത്തില്‍

261 സാക്ഷികള്‍
സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസം
പ്രോസിക്യൂഷന്‍ ഹാജരാക്കിയത് 833 രേഖകള്‍
142 തൊണ്ടിമുതലുകള്‍

 

കേസിന്റെ നാള്‍വഴി

2017 ഫെബ്രുവരി 17 – നടി ആക്രമിക്കപ്പെട്ടു.
ഫെബ്രുവരി 18 – ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അറസ്റ്റുചെയ്തു.
ഫെബ്രുവരി 19 – വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍കൂടി അറസ്റ്റിലായി
ഫെബ്രുവരി 20 – മണികണ്ഠന്‍ അറസ്റ്റില്‍
ഫെബ്രുവരി 23 – ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ജൂണ്‍ 28 – കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യംചെയ്തു
ജൂലായ് 10 – ദിലീപ് അറസ്റ്റില്‍
ഒക്ടോബര്‍ മൂന്ന് – ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കി
2018 മാര്‍ച്ച് എട്ട് – കേസില്‍ വിചാരണനടപടി തുടങ്ങി
2019 നവംബര്‍ 29 – ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
2021 ഡിസംബര്‍ 25 – സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
2022 ജനുവരി നാല് – ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി
2024 സെപ്റ്റംബര്‍ 17 – പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു
ഡിസംബര്‍ 11 – അന്തിമവാദം തുടങ്ങി
2025 ഏപ്രില്‍ ഒന്‍പത് – പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി

 

ഗൂഢാലോചന ആദ്യം ഉന്നയിച്ചത് മഞ്ജുവാര്യര്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ നടി മഞ്ജു വാര്യരായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് നടിക്ക് പിന്തുണയര്‍പ്പിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മഞ്ജുവാര്യര്‍ ഇക്കാര്യം ഉന്നയിച്ചത്. നടന്‍ ദിലീപും ഇതേ വേദിയിലുണ്ടായിരുന്നു. ‘ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതുമാത്രമല്ല, ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്’, അന്ന് മഞ്ജു പറഞ്ഞു.

 

വിധിയറിയാന്‍ അവരുണ്ടായില്ല

നടിയെ ആക്രമിച്ച കേസില്‍ രാജ്യം കാത്തിരുന്ന വിധിയറിയാന്‍ ഈ കേസില്‍ നടിക്കൊപ്പം ഉറച്ചുനിന്ന രണ്ടുപേരില്ല. ആദ്യത്തെയാള്‍ കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസും രണ്ടാമത്തേത് സംവിധായകന്‍ ബാലചന്ദ്രകുമാറും.

അന്വേഷണഘട്ടം മുതല്‍ തങ്ങളുടെ ജീവന്‍ പോകും വരെ അതിജീവിതയ്ക്ക് വേണ്ടി ഉറച്ചുനിന്ന രണ്ടുപേരാണവര്‍. കേസിലെ പ്രധാനപ്പെട്ട സാക്ഷിയായിരുന്നു പിടി തോമസ്. മൊഴി കൊടുക്കരുതെന്നും മൊഴി ശക്തമാക്കരുതെന്നും പലരും ആവശ്യപ്പെട്ടെങ്കിലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.

ദിലീപുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ബാലചന്ദ്രകുമാര്‍. അതിനുപിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരേ ആരോപണങ്ങളുയര്‍ത്തിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് തുടരന്വേഷണത്തിലേക്ക് കടക്കുന്നത്.

 

ദിലീപ് ഫാന്‍സ് ആവേശത്തില്‍ മധുരവിതരണവും ആര്‍പ്പുവിളിയും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേട്ടയുടന്‍ കോടതിക്കു പുറത്തുകാത്തുനിന്ന ആരാധകര്‍ ആര്‍പ്പുവിളികളുയര്‍ത്തി.
വൈകാതെ മധുരവിതരണവും നടത്തി. ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ലഡു വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: