വയനാട്: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയന്‍ (50) ആണ് ജോലി ചെയ്തിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, ജോലി ചെയ്തിരുന്ന വീടിന്റെ ഉടമയായ സ്ത്രീയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി വിജയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാന്‍ വെള്ളം മാത്രം, തൊഴിലുടമ മര്‍ദിച്ച് താഴെയിടും എന്നെല്ലാം മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്ന് കരുതി ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. ഈ മാസം 19നാണ് അജിത മരിച്ചുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയ്യാറായി വിദേശത്തേക്ക് പോയ അജിത ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. അജിതയുടെ സാധനങ്ങള്‍ ഇനിയും തിരികെ കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കി. ഒരു നേരം മാത്രമാണ് അജിതക്ക് ഭക്ഷണം നല്‍കിയിരുന്നതെന്ന് വിവരം ലഭിച്ചതായി മകള്‍ മിഥുഷ പറഞ്ഞു.
ആറ് മാസം മുമ്പാണ് വീട്ടിലെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ അജിത എറണാകുളത്തെ ഏജന്‍സി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്ക് പോയത്. ഏപ്രിലില്‍ സ്പോണ്‍സറുമായി ചില പ്രശ്നങ്ങളും തര്‍ക്കങ്ങളും ഉണ്ടായതായി ഏജന്‍സിയില്‍ നിന്ന് അറിയിച്ചിരുന്നു. പിന്നീട് ജോലിക്കു നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ മകളുടെ വീട്ടിലേക്ക് അജിതയെ മാറ്റി. രണ്ടാമത്തെ വീട്ടില്‍ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വച്ചാണ് അജിതയ്ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്.