CultureLIFE

കണ്ടാല്‍ കഥ കഴിഞ്ഞു; കൂകിയോ, എങ്കില്‍ മരണമുറപ്പ്! കേരളം വിറപ്പിക്കുന്ന കാലന്‍ കോഴി

‘കാലന്‍ കോഴി കൂകിയോ…എങ്കില്‍ മരണം ഉറപ്പ്’ ഇങ്ങനെ കേള്‍ക്കാത്തവര്‍ ചുരുക്കം ചിലരെ കാണൂ. ഒരു പക്ഷെ ഈ തലമുറയ്ക്ക് അതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. എന്നാല്‍ ഒരു പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ പിറകോട്ട് പോയാല്‍ കാലന്‍ കോഴി എന്നത് ഒരു പേടി സ്വപ്നമായിരുന്നു. ഭയപ്പെടുത്തുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാലന്‍ കോഴിയെ പലരും കണ്ടിട്ടില്ല എന്നതും സത്യം.

മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവുമുള്ള ഭീമാകാരനായ ഒരു പക്ഷിയാണ് ‘കാലന്‍ കോഴി’ എന്ന് കേരളീയര്‍ വിളിക്കുന്ന ‘Mottled wood owl’. രാത്രി കാലങ്ങളില്‍ കാലന്‍ കോഴിയെ കണ്ടാല്‍ തല കറങ്ങി വീണാലും അതിശയിക്കാനില്ല. അവയുടെ രൂപം കണ്ടാല്‍ ഭയക്കുമെന്ന് ഉറപ്പാണ്. വളഞ്ഞ കൂര്‍ത്ത കൊക്ക്, വലിയ ഉരുണ്ട കണ്ണുകള്‍, ഗരുഡനോളം വലിപ്പം, തവിട്ട് നിറം, ശരീരത്തില്‍ മുഴുവന്‍ പാടുകളും വരകളും. മുഖത്തിന് ചാരനിറവും കൊക്കിന് താഴെ വെളുത്ത തൂവലുകളുമാണ് ഇവയ്ക്ക്.

Signature-ad

കണ്ണുകള്‍ക്ക് കടുത്ത തവിട്ട് നിറമായിരിക്കും. വേട്ടയാടാന്‍ പാകത്തിന് ബലിഷ്ഠമായ കാലുകളും ഇവയ്ക്കുണ്ട്. ഉയരമുള്ള മരങ്ങള്‍ക്ക് മുകളിലായിരിക്കും ഇവ മിക്കവാറും കാണുക. രാത്രിയെന്ന് മാത്രമല്ല, പകലും കാലന്‍ കോഴിയെ കണ്ടാല്‍ ഭയന്ന് വിറച്ച് പോകും. അതിന്റെ രൂപം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ അങ്ങനെയൊന്നും ഇവ കണ്ണില്‍പ്പെടണമെന്നില്ല. അതിന് പ്രധാന കാരണം ഉയരമുള്ള മരങ്ങളിലാണ് ഇവ വസിക്കുന്നത് എന്നതു തന്നെ.

ഒരു നാടിനെ തന്നെ വിറപ്പിക്കാന്‍ കഴിയും കാലന്‍ കോഴിയുടെ ശബ്ദത്തിന്. രാത്രികാലങ്ങള്‍ വളരെ നിശബ്ദമായിരിക്കും. ആ സമയം കാലന്‍ കോഴിയുടെ വിളികള്‍ ആരെയും ഭയപ്പെടുത്തും. രണ്ട് കിലോമീറ്റര്‍ ദൂരത്ത് വരെ ഇവയുടെ ശബ്ദം അലയടിക്കും. പിന്നെയെങ്ങനെ ഭയപ്പെടാതിരിക്കും.

രൂപവും ശബ്ദവും മാത്രമല്ല, തലമുറകള്‍ മാറി മാറി വന്ന കഥകളും കാലന്‍ കോഴിയെ ഭയക്കാന്‍ ഒരു കാരണമാകുന്നു. വീട്ടുവളപ്പിലെ മരങ്ങളില്‍ വന്നിരുന്ന് ഇവ കരഞ്ഞാല്‍ ആ വീട്ടില്‍ ഒരു മരണം ഉടനെന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. കാലന്റെ ദൂതന്മാരായിട്ടാണ് കാലന്‍ കോഴിയെ കണ്ടിരുന്നത്. സന്ധ്യയുടെയും രാത്രിയുടെയും അവസാന സമയത്താണ് ഈ പക്ഷി ഉറക്കെ കൂകുന്നത്. അതിനാല്‍ കൂടിയാണ് ഇവയ്ക്ക് കാലന്‍ കോഴിയെന്ന് പേര് വീണതും. അന്ധ വിശ്വാസങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് കാലന്‍ കോഴിയെപ്പറ്റിയുള്ള കഥകള്‍.

കാലന്‍ കോഴി എന്ന് മാത്രമല്ല, കൊല്ലി കുറവന്‍, തച്ചന്‍കോഴി, നെടിലാന്‍ എന്നീ പേരുകളിലും ‘Mottled wood owl’ കേരളത്തില്‍ അറിയപ്പെടാറുണ്ട്. ഒരു കാലത്ത് കാലന്‍ കോഴി കണ്ണില്‍പ്പെടാതിരിക്കാന്‍ രാത്രി കാലങ്ങളില്‍ ആരും തന്നെ പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍, ഇന്ന് ഈ പക്ഷിയെ കാണുന്നത് തന്നെ അപൂര്‍വമാണ്. നാട്ടിന്‍ പ്രദേശങ്ങളിലോ വനമേഖലകളിലോ കാലന്‍ കോഴിയെ കാണാന്‍ പോലും കഴിയാറില്ല. അവയുടെ ശബ്ദം ഇന്ന് നാടിനെ വിറപ്പിക്കാറില്ല. എന്തെന്നാല്‍ കേരളത്തിന്റെ പേടി സ്വപ്നങ്ങളില്‍ ഒന്നായ കാലന്‍ കോഴി ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്.

Back to top button
error: