
കൊച്ചി: ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനം ചൊവ്വാഴ്ച പൂര്‍ത്തിയാകും. ഫിഫ ലോകകപ്പ് 2026ന് മുന്നോടിയായി നടക്കുന്ന ‘ഫിഫ ലോകകപ്പ് ട്രോഫി ടൂര്‍ ബൈ കൊക്കാകോള’യുടെ ഭാഗമായാണ് യഥാര്‍ത്ഥ ട്രോഫി ഇന്ത്യയിലെത്തിയത്.
ഫിഫ ചാര്‍ട്ടര്‍ വിമാനത്തിലെ പ്രത്യേക ലാന്‍ഡിംഗോടെയാണ് ട്രോഫി ടൂറിന് തുടക്കമായത്. തുടര്‍ന്ന് ഡല്‍ഹിയിലെ മാന്‍ സിംഗ് റോഡിലെ താജ് മഹല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്തു. കേന്ദ്ര യുവജനകാര്യകായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാവും ഫിഫ ഇതിഹാസവുമായ ഗില്‍ബര്‍ട്ടോ ഡി’സില്‍വ, കായിക ചരിത്രകാരന്‍ ബോറിയ മജുംദാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊക്കാകോള ഇന്ത്യ–സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വവും സന്നിഹിതരായിരുന്നു.
മൂന്നു ദിവസം നീളുന്ന ഇന്ത്യയിലെ പര്യടനം രണ്ടു ദിവസത്തെ ഡല്‍ഹിയിലെ പ്രദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച ആസാമിലെ ഗുവാഹത്തിയില്‍ പൂര്‍ത്തിയാകും.
2047ഓടെ ഇന്ത്യയെ ലോകത്തിലെ മുന്‍നിര അഞ്ചു കായിക രാഷ്ട്രങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള ലക്ഷ്യത്തോടാണ് ഈ ട്രോഫി ടൂറില്‍ ഒത്തുചേരുന്നതെന്ന് ഡല്‍ഹിയിലെ ചടങ്ങില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയിലെ കായിക രംഗം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കൊക്കാകോള ഇന്ത്യ–സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളുടെ പിന്തുണയോടെ കായിക അടിസ്ഥാന സൗകര്യങ്ങളും പങ്കാളിത്തവും വളരുകയാണെന്നും ഫിഫയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ ഇത്തരം ചരിത്ര നിമിഷങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അടുത്തെത്തിക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊക്കാകോള പങ്കാളിത്തത്തിന്റെ ഭാഗമായാണ് 50 വര്‍ഷത്തിലധികം പഴക്കമുള്ള ഫിഫ–ട്രോഫി ടൂര്‍ സംഘടിപ്പിക്കുന്നത്. ലോകയാത്രയുടെ ഭാഗമായി ട്രോഫി 30 രാജ്യങ്ങളിലായി 75 കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. 150 ദിവസത്തിലധികം നീളുന്ന യാത്രയിലൂടെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ട്രോഫി നേരിട്ട് കാണാനുള്ള അവസരം ലഭിക്കും.






