ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകക്കെതിരെ കോടതി: 10 ദിവസം പോലും കോടതിയിൽ ഹാജരാകാതെ കോടതിയെ വിമർശിക്കുന്നുവെന്ന് വിചാരണ കോടതി: വന്നാലും ഉറങ്ങും: കോടതി അവർക്ക് വിശ്രമസ്ഥലമെന്നും വിചാരണ കോടതി : ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അഡ്വ ടി.ബി.മിനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി.തീർത്തും അപ്രതീക്ഷിതമായാണ് അതിജീവിതയുടെ അഭിഭാഷക ക്കെതിരെ വിചാരണ കോടതി ആഞ്ഞടിച്ചത്.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെയാണ് വിചാരണക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ വന്നത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളൂ. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.
വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതി അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്നൊക്കെ പറയുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേയെന്ന് ചോദിച്ച് ചില പരാമർശങ്ങൾ കോടതി നടത്തിയത്.
എന്നാൽ ജീവിതത്തിന്റെ അഞ്ച് വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുട്ടുണ്ടെന്നും വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്നും അഡ്വ. ടി ബി മിനി പ്രതികരിച്ചു.
ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹെെക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും മിനി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.’കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയാണ്. തന്റെ അസാന്നിദ്ധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല. വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ആവശ്യം കോടതിക്കില്ല’- മിനി വ്യക്തമാക്കി.






