IndiaNEWS

10ാം ക്ലാസില്‍ 99.5% മാര്‍ക്ക്, എഴുത്തും വായനയും അറിയില്ല; പ്യൂണിന്റെ വിദ്യാഭ്യാസ യോ?ഗ്യത പരിശോധിക്കണമെന്ന് കോടതി

ബംഗളൂരു: പ്യൂണിന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി. കര്‍ണാടകയിലെ കൊപ്പലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാനാവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിന്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടല്‍. 23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയില്‍ 99.5 ശതമാനം മാര്‍ക്ക് നേടി കോടതിയില്‍ പ്യൂണായി ജോലിയ്ക്ക് കയറിയത്.

റായ്ച്ചൂര്‍ ജില്ലയിലെ സിന്ധനൂരില്‍ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശേഷം കൊപ്പല്‍ കോടതിയില്‍ ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചിരുന്നു. 2024 ഏപ്രില്‍ 22ന് പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്യൂണ്‍ റിക്രൂട്ട്മെന്റ് പരീക്ഷയിലേക്കുള്ള മെറിറ്റ് ലിസ്റ്റില്‍ എത്തുകയും കൊപ്പല്‍ കോടതിയില്‍ ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ വായനയും എഴുത്തും അറിയാത്തതിനാല്‍ അക്കാദമിക് നേട്ടങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.

Signature-ad

സംശയം തോന്നിയതോടെ പ്രഭുവിന്റെ അക്കാദമിക് റെക്കോര്‍ഡ് അന്വേഷിക്കാന്‍ ജഡ്ജി പൊലീസില്‍ പരാതി നല്‍കി. ഏഴാം ക്ലാസിന് ശേഷം നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇയാള്‍ 625-ല്‍ 623 മാര്‍ക്ക് നേടിയാണ് വിജയിച്ചത്. എന്നാല്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ചെങ്കിലും കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ വായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല. ഇത് വിദ്യാഭ്യാസത്തിന്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വ്യാജ അക്കാദമിക് നേട്ടങ്ങള്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച ജഡ്ജി സമാനമായ മാര്‍ഗങ്ങളിലൂടെ മറ്റാരെങ്കിലും സര്‍ക്കാര്‍ ജോലി നേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പ്രഭുവിന്റെ കൈയക്ഷരം പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുമായി താരതമ്യം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ ബാഗല്‍കോട്ട് ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ 2017-18ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെന്നും ദില്ലി വിദ്യാഭ്യാസ ബോര്‍ഡാണ് പരീക്ഷകള്‍ നടത്തിയതെന്നും ലോകര്‍ പ്രതികരിച്ചു.

Back to top button
error: