തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തില്‍ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയില്‍. ഈ വര്‍ഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന് സര്‍ക്കാര്‍ അനുവദിച്ചത്. കലക്ടര്‍ക്ക് എതിരെ നടപടി ആവശ്യം ശക്തമാക്കാന്‍ ആണ് സര്‍വീസ് സംഘടനകളുടെ നീക്കം.
സര്‍ക്കാര്‍ ആശുപത്രിയില്‍ വലിയ തിരക്കുള്ള സമയത്താണ് കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ ജില്ലാ കലക്ടര്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിനെതിരെ കളക്ടര്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ സെക്രട്ടറി സംഘടനാനേതാവിനെതിരെ ചാര്‍ജ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. സാധാരണ നിലയില്‍ കലക്ടറും കുടുംബവും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ വര്‍ഷം തന്നെ ആറ് തവണ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചികിത്സാ ചെലവ് അനുവദിച്ചിട്ടുണ്ട്.. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി 10ന് 2,325 രൂപയും, ജനുവരി 17ന് 37,478 രൂപയും, ഏപ്രില്‍ 18ന് 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതുവരെ 53361 രൂപ.
അതേസമയം, കലക്ടര്‍ക്കെതിരെ ഇടഞ്ഞു നില്‍ക്കുന്ന സര്‍വീസ് സംഘടനകള്‍ നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജീവനക്കാരോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന കലക്ടര്‍ക്കെതിരെ നിലപാട് ശക്തമാക്കാന്‍ ആണ് സര്‍വീസ് സംഘടനകളുടെ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്ന മുറയ്ക്ക് കലക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.