എല്ലാ സീസണുകളും താരങ്ങൾക്ക് ഒരു പോലെയാവില്ല.ചില താരങ്ങൾക്ക് ചില സീസണുകൾ ഏറെ മികച്ചതാവാം.ചിലർ മോശമാവാം. മോശം പ്രകടനം നടത്തിയാൽ അതിനർത്ഥം അവർ മോശം താരങ്ങളാണ് എന്നല്ല, മറിച്ച് ഈ സീസൺ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് സാരം.
എന്നാൽ വേണ്ടത്ര അവസരം ലഭിച്ചിട്ടും ഭൂലോക തോൽവികളായാലോ..? ഈന്തപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയായിരുന്നു ഗോൾകീപ്പർ കരഞ്ജിത്തിന്റെ അവസ്ഥ. ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയ സുവാർണാവസരമായിരുന്നു ഇത്തവണ കരഞ്ജിത്തിന്റേത്.പക്ഷെ ടിയാൻ ഗോൾവല കാത്തപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സ് തോറ്റു.
ഒന്നാം ഗോളി സച്ചിൻ സുരേഷിന് പരിക്കേറ്റപ്പോൾ ടീമിന്റെ ഗോൾ കീപ്പിംഗ് ചുമതല ലഭിച്ച കരഞ്ജിത്തിന് പേരിനൊത്ത് ഉയരാനായില്ല.ഏഴ് മത്സരങ്ങളിൽ ഗോൾ വല കാത്ത സിങ്ങിന് ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാനായില്ല.ഈ കളികളിലെല്ലാം ബ്ലാസ്റ്റേഴ്സ് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
മറ്റൊരാൾ മലയാളി താരം രാഹുൽ കെപിയാണ്.ഈ സീസൺ രാഹുലിനെ സംബന്ധിച്ച് അത്ര നല്ല സീസണായിരുന്നില്ല. 19 മത്സരങ്ങളിൽ ഈ സീസണിൽ ബൂട്ടണിഞ്ഞ രാഹുലിന് ഗോളൊന്നും നേടാനായില്ലെന്ന് മാത്രമല്ല,ആകെ ഓരൊറ്റൊരു അസിസ്റ്റ് മാത്രമാണ് സമ്പാദ്യവും.
സഹൽ പോയപ്പോൾ അതിന്റെ അഭാവം പരിഹരിക്കുമെന്ന് കരുതിയ താരം കൂടിയാണ് രാഹുൽ.രാഹുലിനെയാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് ആദ്യം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.ഇനി ആരും വാങ്ങിയില്ലെങ്കിലും രാഹുൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകില്ല.