മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ടീമിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുല്‍ പറയുന്നത് അംഗീകരിക്കാതെ ഫീല്‍ഡിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെയെങ്കിലും ലഖ്നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രഹരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം പവര്‍പ്ലേയില്‍ കളിച്ചിട്ടും 33 പന്തില്‍ 29 റണ്‍സാണ് രാഹുല്‍ നേടിയത്. കമിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സ് അടിച്ച രാഹുല്‍ പിന്നീട് ഒരു ബൗണ്ടറി നേടുന്നത് പത്താം ഓവറിലാണ്. പവര്‍ പ്ലേയില്‍ ലഖ്നൗ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയത് 107 റണ്‍സായിരുന്നു !