KeralaNEWS

ഭിന്നശേഷിക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു; പ്രതി പിടിയിൽ

പുനലൂർ: മധുര-ഗുരുവായൂർ എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത ഭിന്നശേഷിക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു.

പുനലൂർ-ചെങ്കോട്ട പാതയിലെ ആര്യങ്കാവ് ഇടപ്പാളയം സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെ ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവം.തീവണ്ടിയില്‍നിന്നു വീണ പത്തൊൻപതുകാരിയുടെ തലയ്ക്കു ഗുരുതര പരിക്കേറ്റു.

തമിഴ്നാട് തെങ്കാശി പാവൂർസത്രം സ്വദേശിനിയാണ് പെണ്‍കുട്ടി. മകള്‍ വീഴുന്നതുകണ്ട് ഒപ്പമുണ്ടായിരുന്ന അച്ഛൻ ഇടപ്പാളയം സ്റ്റേഷനിലിറങ്ങി. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടു. അച്ഛൻ സ്റ്റേഷനില്‍നിന്നു പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരാണ് തെന്മല പോലീസില്‍ അറിയിച്ചത്. തെന്മല എസ്.ഐ. ഹരിയും സി.പി.ഒ. അനീഷും സ്ഥലത്തെത്തി വിവരം റെയില്‍വേ പൊലീസിനു കൈമാറി.

പുനലൂർ സ്റ്റേഷനില്‍ തീവണ്ടിയെത്തിയപ്പോള്‍, യുവതിയെ തള്ളിയിട്ടയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.ഭിന്നശേഷിക്കാർക്കുള്ള ബോഗിയിലാണ് യുവതിയും കുടുംബവും യാത്രചെയ്തത്. തള്ളിയിട്ടയാളും ഇതേ ബോഗിയിലായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന അമ്മയും സഹോദരനും സംഭവമൊന്നും അറിഞ്ഞില്ല. ഇവർ പുനലൂർ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്.

ചെങ്ങന്നൂരില്‍ ചായക്കച്ചവടം നട ത്തിവരികയാണ് യുവതിയുടെ കുടുംബം. അവിടേക്ക് പോകുകയായിരുന്നു ഇവർ. പന്തളത്തുള്ള ബന്ധുക്കളെത്തി യുവതിയെയും കുടുംബത്തെയും ചെങ്ങന്നൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Back to top button
error: