KeralaNEWS

റാന്നിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

റാന്നി: പൊന്തന്‍പുഴ വനത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്ബടം വീട്ടില്‍ പി.കെ.സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്.

ആക്രമണത്തില്‍ സാരമായ പരിക്കേറ്റ സുമിത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30ന് ആണ് മരിച്ചത്. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Signature-ad

കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് ( രാജു, 52) എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

ഈ മാസം 13ന് ആണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തന്‍പുഴ വനത്തില്‍ എത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച്‌ വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേര്‍ന്ന് സുമിത്തിനെ പൊന്തമ്ബുഴ വനത്തില്‍ എത്തിച്ച്‌ മദ്യം നല്‍കിയശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് കോട്ടയം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് എത്തപ്പെടുകയായിരുന്നു. ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു.വായും മുഖവും ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയിലായിരുന്നു.

ഉദ്യോഗസ്ഥര്‍ റാന്നി പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Back to top button
error: