ഏറ്റുമാനൂര്‍: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പട്ടിയെ അഴിച്ചുവിട്ട വാറന്റ് കേസിലെ പ്രതി പിടിയില്‍. ഏറ്റുമാനൂര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍ സി ബാബുവിനെയാണ് പിടികൂടിയത്. ക്രിമിനല്‍ കേസില്‍ പ്രതിയായ നിധിന്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
കോടതിയുടെ നിര്‍ദേശാനുസരണം നിധിനെ പിടികൂടാനെത്തിയ ഏറ്റുമാനൂര്‍ പോലീസിനു നേരെ പ്രതി വളര്‍ത്തു നായകളെ തുറന്നുവിട്ട് ആക്രമിക്കാന്‍ നോക്കുകയായിരുന്നു. പ്രതി താമസിക്കുന്ന ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ മൂന്ന് നില കെട്ടിടത്തിലാണ് പോലീസ് സംഘം അറസ്റ്റ് ചെയ്യാന്‍ എത്തിയത്.
പോലീസിനെ കണ്ടയുടനെ പ്രതി രണ്ട് നായകളെ അഴിച്ചുവിടുകയും കത്തി കാണിച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടില്‍ കയറി കതക് അടച്ച പ്രതി അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് കെട്ടിടത്തിനു ചുറ്റും കാവല്‍ നിന്നു. തുടര്‍ന്ന് അഭിഭാഷകന്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ അറസ്റ്റിന് വഴങ്ങുകയായിരുന്നു.