KeralaNEWS

ഒരു ലിറ്റർ കഴുതപ്പാലിന് 6000 രൂപ വില

കണ്ണൂർ: ആറായിരം രൂപയാണ് ഒരു ലിറ്റർ കഴുതപ്പാലിന് വില! ഇതു തിരിച്ചറിഞ്ഞ് കഴുതകളെ പോറ്റി ജീവിതം കരുപ്പിടിപ്പിക്കുകയാണ് ചൊക്ലി ഒളവിലത്തെ ബാലകമലത്തില്‍ യദുകൃഷ്ണൻ.

കല്‍പ്പറ്റ മുണ്ടേരി വി.എച്ച്‌.എസ്.എസില്‍ ലൈവ് സ്റ്റോക്ക് ഡെയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തല്‍ ഹരമായത്. കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ കഴുത ഫാമുകള്‍ സന്ദർശിച്ചു. കഴുതകളെ വാങ്ങി യദുകൃഷ്ണ വീട്ടിലെത്തി. അച്ഛൻ ബാഷിന്റെ ഫാമിലെ 20 പശുക്കളില്‍ എട്ടെണ്ണത്തിനെ വിറ്റ കാശുമായാണ് മകൻ കഴുത ഫാം തുടങ്ങിയത്. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണന് സഹായിയായുണ്ട്.

 കഴിഞ്ഞമാസം 24ന് മിറക്കിള്‍ ഡോങ്കീസ് എന്ന ഫാമിന് തുടക്കമിട്ടു. ഗ്രാമീണ്‍ ബാങ്കിന്റെ സഹായത്തോടെ. മലബാറിലെ ആദ്യത്തെ കഴുത ഫാം. ലക്ഷണമൊത്ത ഒരു ഡസൻ കഴുതകളുണ്ടിവിടെ. ‘കഴുതപ്പാല്‍ സുവർണ്ണ പാനീയം..’എന്നൊരു ബോർ‌ഡും യദു ഇവിടെ തൂക്കി.

Signature-ad

നാടൻ കഴുതയ്ക്ക് അറുപതിനായിരം രൂപ വില വരും. ഹൈ ബ്രീഡിന് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ നല്‍കണം. കഴുതകള്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. അതില്‍ നിന്ന് അവയെ രക്ഷിക്കുകയും യദുകൃഷ്ണന്റെ ലക്ഷ്യമാണ്. ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവയാണ് കഴുതകള്‍ക്ക് തീറ്റ.

മുലപ്പാലിന് തുല്യമായ പോഷകമൂല്യങ്ങളും പ്രതിരോധ ശേഷിയുമുണ്ട് കഴുതപ്പാലിന്. നാടൻ കഴുതയില്‍ നിന്ന് ഒരു ദിവസം 300-500 മില്ലിലിറ്റർ പാലേ കിട്ടൂ. എന്നാല്‍ രണ്ടു ലിറ്റർ വരെ ഹൈ ബ്രീഡ് ഇനങ്ങള്‍ തരും. എട്ട് മാസം വരെ കറക്കാം. ഫ്രീസറില്‍ പാല്‍ക്കട്ടിയായി അഞ്ച് മാസം വരെ സൂക്ഷിക്കാം. വിലകൂടിയ പല സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഘടകമാണ് കഴുതപ്പാല്‍. ഇറ്റാലിയൻ ലോകസുന്ദരി എലിസബത്ത്, താൻ കഴുതപ്പാലില്‍ കുളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

കഴുതപ്പാലിന്റെ മൂല്യത്തെക്കുറിച്ച്‌ അറിവുണ്ടായാല്‍ സമൂഹത്തിന് കഴുതകളോടുള്ള അവജ്ഞ മാറുമെന്ന് യദുകൃഷ്ണ പറഞ്ഞു.

Back to top button
error: