ജയ്പുര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.
ജയ്പുര്‍ കാണ്‍വടിയ ആശുപത്രിയില്‍ ബുധനാഴ്ചയാണു സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്നു യുവതി ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഇവരെ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍പോലും തയാറായില്ലെന്നാണു വിവരം. തുടര്‍ന്ന് ഗേറ്റുവരെ നടന്നെത്തുമ്പോഴേക്കും പ്രസവവേദന മൂര്‍ച്ഛിച്ച ഇവര്‍ ഗേറ്റില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വകുപ്പ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി അഡിഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിങ് അറിയിച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ കുസും സെയ്‌നി, നേഹ രജാവത്, മനോജ് എന്നീ മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. കണ്‍വടിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിങ് തന്‍വാറിനും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.