വയനാട്: പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ഥിനെതിരെ പെണ്‍കുട്ടി നല്‍കിയെന്നു പറയുന്ന പരാതിയില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ പേരില്‍ കോളജില്‍ പരാതി എത്തിയത് സിദ്ധാര്‍ഥ് മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നല്‍കിയത് ഈ മാസം 20നുമായിരുന്നു.
ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണല്‍ കമ്മിറ്റി ചേര്‍ന്നിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു പരാതി നല്‍കിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്.
അതേസമയം, യുവാവിന്റെ മരണത്തില്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവുമെല്ലാം നടന്നിട്ടും ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നില്ല. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതര്‍ ഇടപെട്ടത്. ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ഡീന്‍ എം.കെ നാരായണനെ വെറ്ററിനറി സര്‍വകലാശാല വി.സി സംരക്ഷിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
സംഭവത്തില്‍ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഏഴുപേര്‍ ഒളിവിലാണ്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസില്‍ ഉള്‍പ്പെട്ട 31 വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലില്‍നിന്ന് ഉള്‍പ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
കോളജിലേക്ക് ഇന്ന് കോണ്‍ഗ്രസ്, യൂത്ത് ലീഗ് മാര്‍ച്ച് നടക്കുന്നുണ്ട്.