ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് കായംകുളത്ത് ഒത്തുകൂടിയ പത്ത് ഗുണ്ടാസംഘാംഗങ്ങള്‍ പിടിയിലായി. 6 പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഡി.പി.ഐ നേതാവായ ഷാനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലുള്ള മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ (29), കായംകുളം എരുവ നെടുവക്കാട്ട് നിതീഷ് കുമാര്‍ (36), പത്തിയൂര്‍ വിനീത് ഭവനില്‍ വിജീഷ് (30)
കൃഷ്ണപുരം പുത്തന്‍പുര തെക്കതില്‍ അനന്ദു (20), ഇടുക്കി മുളക് വള്ളി കുത്തനാപിള്ളില്‍ അലന്‍ ബെന്നി (27), തൃശൂര്‍ തൃക്കല്ലൂര്‍ വാലത്ത് ഹൗസില്‍ പ്രശാല്‍ (29) ,പത്തിയൂര്‍ ഫാത്തിമാ മന്‍സിലില്‍ ഹബീസ് (32), പത്തിയൂര്‍ക്കാല വിമല്‍ ഭവനില്‍ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീന്‍ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനില്‍ രാജേഷ് കുമാര്‍ (45) എന്നിവരെയാണ് വീട് വളഞ്ഞ് പിടികൂടിയത്.
കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണന്‍, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ട മോട്ടി എന്നു വിളിക്കുന്ന അമല്‍ ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവരാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. നിതീഷിന്റെ പിറന്നാള്‍ ആഘോഷത്തിന് വീട്ടില്‍ ഒത്തു കൂടിയതായിരുന്നു ഇവര്‍.
ഗുണ്ടകള്‍ വന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ ഒത്തുചേരലിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണ്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം ഡിവൈ.എസ്.പി. അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. ഗിരിലാല്‍,കരീലക്കുളങ്ങര സി.ഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സാഹസികമായാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.
അടുത്തിടെ ജില്ലയില്‍ ഗുണ്ടകള്‍ ഒത്തുകൂടി നടക്കുന്ന മൂന്നാമത്തെ പിറന്നാള്‍ ആഘോഷമാണ് കഴിഞ്ഞ ദിവസം കായംകുളത്ത് നടന്നത്. കുപ്രസിദ്ധ ഗുണ്ടയായ നിതീഷിന്റെ വീട്ടില്‍ നടന്ന ആഘോഷത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്പതോളം ഗുണ്ടകളാണ് ഒത്തുകൂടിയത്. വലിയ പന്തലിട്ട് മുന്തിയ ഭക്ഷണവും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
നേരത്തേ ചേര്‍ത്തലയിലും മുഹമ്മയിലും ഇതേ പോലെ ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് നവമാദ്ധ്യമങ്ങളില്‍ ഫോട്ടോ പങ്കുവെയ്ക്കുന്നതോടെ തങ്ങളുടെ ‘ബിസിനസ് ‘ എളുപ്പമാകുമെന്നാണ് അറസ്റ്റിലായ ഒരു ഗുണ്ട പൊലീസിനോട് പറഞ്ഞത്. വിവിധ സംഭവങ്ങളിലെ ഒത്തുതീര്‍പ്പിനുള്‍പ്പെടെ നിരവധി പേര്‍ ഇതോടെ സമീപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ബന്ധമുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനും കഴിയും. ഇവരുടെ നവമാദ്ധ്യമ ഗ്രൂപ്പുകളെപ്പറ്റിയും പ്രവര്‍ത്തന രീതിയെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും ഗുണ്ടകള്‍ എത്തിയത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരമാണ് ഇവരെ കുടുക്കിയത്.