ചെന്നൈ: തെന്നിന്ത്യന്‍ നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) പ്രസിഡന്റുമായ കമല്‍ഹാസന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നോ ചെന്നൈയില്‍ നിന്നോ മത്സരിക്കും. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍. മക്കള്‍ കക്ഷി എന്ന ചെറുപാര്‍ട്ടിക്കാണ് ടോര്‍ച്ച് ചിഹ്നം അനുവദിച്ചിരുന്നത്. അപേക്ഷ നല്‍കിയിട്ടും ചിഹ്നം നിരസിച്ച തൊരഞ്ഞെടുപ്പ് കമ്മിഷനെതിരേ അന്ന് മക്കള്‍ നീതി മയ്യം കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് 18 ദിവസം മുമ്പാണ് മക്കള്‍ നീതി മയ്യത്തിന് ‘ടോര്‍ച്ച്’ ചിഹ്നമായി അനുവദിച്ചത്.
ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ് കമലിന്റെ പാര്‍ട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായാകും ജനവിധി തേടുക. നിലവില്‍ കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെയുടെ മറ്റൊരു സഖ്യകക്ഷിയായ സി.പി.എമ്മിന്റെതാണ്. ചെന്നൈ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സീറ്റുകള്‍ യഥാക്രമം ഡോ കലാനിധി വീരസ്വാമി, ഡോ തമിഴച്ചി തങ്കപാണ്ഡ്യന്‍, ദയാനിധി മാരന്‍ എന്നിവരാണ് പ്രതിനിധീകരിക്കുന്നത്. മൂവരും ഡിഎംകെയില്‍ നിന്നുള്ളവരാണ്.
കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ ഡിഎംകെയ്ക്ക് സിപിഎം നേതൃത്വവുമായും മറ്റ് സഖ്യകക്ഷികളുമായും നിരവധി റൗണ്ട് ചര്‍ച്ചകള്‍ ആവശ്യമാണ്. എന്നാല്‍ ചെന്നൈയിലെ മൂന്ന് സീറ്റുകളില്‍ ഡിഎംകെയ്ക്ക് തീരുമാനിക്കാമെന്നുള്ളതിനാല്‍ അതില്‍ ഏതെങ്കിലും ഒന്നിലാകും മത്സരിക്കാനുള്ള സാധ്യത. ഇവരിലൊരാളെ മാറ്റിനിര്‍ത്തി കമലിന് സീറ്റ് നല്‍കുമോ എന്ന കാര്യവും നിശ്ചയമില്ല. എന്നിരുന്നാലും, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് മത്സരിച്ച കമല്‍ഹാസന് കോയമ്പത്തൂരില്‍ ഒരു മുന്‍തൂക്കമുണ്ട്.
ബിജെപി വനിതാ വിഭാഗം നേതാവ് വാനതി ശ്രീനിവാസനോട് 1,540 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് അന്ന് കമല്‍ പരാജയപ്പെട്ടത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എംഎന്‍എം സ്ഥാനാര്‍ഥി ഡോ.ആര്‍.മഹേന്ദ്രന്‍ കോയമ്പത്തൂര്‍ ലോക്സഭാ സീറ്റില്‍ 1,45,104 വോട്ടുകള്‍ നേടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 11.6 ശതമാനം വോട്ട് വിഹിതത്തോടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. നിലവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായ രാധാകൃഷ്ണന്‍ 31.34 ശതമാനം വോട്ട് വിഹിതത്തോടെ 3,92,007 വോട്ടുകള്‍ നേടിയിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം നേതാവ് പി.ആര്‍ നടരാജന്‍ 5,77,150 വോട്ടുകളാണ് നേടിയത്. കമല്‍ഹാസന്റെ ആദ്യ ചോയ്സ് കോയമ്പത്തൂര്‍ ആണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയില്‍ നിന്നും മത്സരിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.