KeralaNEWS

ക്ലാസ് മുറിയിലും പ്രധാന അധ്യാപികയുടെ മുറിയിലും പൂജ നടത്തി; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എ.ഇ.ഒ

കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ സ്‌കൂളിലെ പൂജയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എ.ഇ.ഒ. പൂജ ചട്ടലംഘനമാണെന്നാണ് എ.ഇ.ഒയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. പൂജ നടത്തിയത് പ്രധാന അധ്യാപിക അറിയാതെയാണെന്നും പ്രധാന അധ്യാപിക നിര്‍ദേശം നല്‍കിയിട്ടും പൂജ നിര്‍ത്താതെ തുടര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാത്രി സമയത്ത് സ്‌കൂള്‍ തുറന്ന് ക്ലാസ് മുറിയിലും പ്രധാന അധ്യാപികയുടെ മുറിയിലുമായി പൂജ നടത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പ്രധാന അധ്യാപിക ഇടപെട്ടത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രാഥമിക അന്വേഷണം.

Signature-ad

ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ പൂജ നടത്തിയത്. സ്‌കൂള്‍ മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രാത്രി പൂജ നടത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്‌കൂളിന് സമീപം കാറുകളടക്കമുള്ള വാഹനങ്ങള്‍ കണ്ട് നാട്ടുകാര്‍ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൂജ തടഞ്ഞു. ഇതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധത്തെത്തുടര്‍ന്ന് പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയ്ഡഡ് സ്‌കൂള്‍ മാനേജരും ബിജെപി പ്രവര്‍ത്തകനാണ്.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം വിവാദമായതോടെ പ്രധാനധ്യാപികയോട് ഡിഡിഇ റിപ്പോര്‍ട്ട് തേടി.

Back to top button
error: