IndiaNEWS

ഭര്‍ത്താവ് അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നു,പണം നല്‍കുന്നു; ഭാര്യയുടെ ആരോപണം ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി

മുംബൈ: ഭര്‍ത്താവ് സ്വന്തം അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നതും പണം നല്‍കുന്നതും ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരായ പരാതിയില്‍ മജിസ്‌ടേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി മുംബൈയിലെ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സെഷന്‍സ് കോടതിയും യുവതിയുടെ ഹര്‍ജി തള്ളി.

ആരോപണം അവ്യക്തമാണെന്നും പരാതിയെ ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി (ഡിന്‍ഡോഷി കോടതി) ആശിഷ് അയാചിത് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതി സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ അമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതു മറച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും കബളിപ്പിച്ചുവെന്നും യുവതി ആരോപിച്ചു.

Signature-ad

അമ്മായിയമ്മക്ക് താന്‍ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഭര്‍ത്താവും അമ്മയും തന്നോട് വഴക്കിട്ടിരുന്നതായും പരാതിയില്‍ പറയുന്നു. 1993 സെപ്തംബര്‍ മുതല്‍ 2004 ഡിസംബര്‍ വരെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. അവധിക്ക് ഇന്ത്യയില്‍ വരുമ്പോഴെല്ലാം അമ്മയെ കാണുകയും എല്ലാ വര്‍ഷവും 10,000 രൂപ അയച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ കണ്ണ് ഓപ്പറേഷന് വേണ്ടിയും പണം ചെലവഴിച്ചതായും യുവതി പറഞ്ഞു. ഭര്‍തൃ കുടുംബത്തില്‍ നിന്നുള്ള മറ്റ് അംഗങ്ങളും തന്നെ ഉപദ്രവിച്ചിരുന്നതായി യുവതി ആരോപിക്കുന്നു.

എന്നാല്‍, ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തന്നെ ഒരിക്കലും ഭാര്യ ഭര്‍ത്താവായി അംഗീകരിച്ചിട്ടില്ലെന്നും തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു. ഭാര്യയുടെ ക്രൂരതകള്‍ കാരണം കുടുംബ കോടതിയില്‍ വിവാഹമോചന ഹരജി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്നും ഭാര്യ 21.68 ലക്ഷം രൂപ പിന്‍വലിച്ചതായും ആ തുക ഉപയോഗിച്ച് ഒരു ഫ്‌ലാറ്റ് വാങ്ങിയതായും ഭര്‍ത്താവ് ആരോപിച്ചു.

 

Back to top button
error: