മസ്കറ്റ്: ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകള്‍ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.