IndiaNEWS

സ്വയം വരണമാല്യം അണിഞ്ഞ് യുവതികള്‍, മുഖം മറച്ച് വരന്മാര്‍; വിവാഹത്തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. വിവാഹവേഷത്തിലുള്ള യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കള്‍ മുഖം മറച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ ജനുവരി 25-ന് നടന്ന സമൂഹവിവാഹത്തില്‍ 568 ജോഡികളാണ് വിവാഹിതരായത്. ഇവരില്‍ ഭൂരിഭാഗവും പണം വാങ്ങി ജോഡികളായി അഭിനയിച്ചതാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 500 മുതല്‍ 200 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീയുവാക്കളെ ഏര്‍പ്പാടാക്കിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

സമൂഹവിവാഹത്തെപ്പറ്റി പരിപാടിക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് സംഘാടകര്‍ തന്നെ അറിയിച്ചതെന്നും അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നതായും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ബിജെപി എംഎല്‍എ കേതകി സിങ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹം നടത്തുന്നതിന് അമ്പത്തൊന്നായിരം രൂപയുടെ സര്‍ക്കാര്‍ പദ്ധതിയുണ്ട്. പദ്ധതി പ്രകാരം വിവാഹിതയാകുന്ന യുവതിക്ക് 35,000 രൂപ ലഭിക്കും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും 6,000 രൂപ മറ്റ് വിവാഹച്ചിലവുകള്‍ നടത്താനുമുള്ളതാണ്. ഈ തുകയ്ക്ക് വേണ്ടിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: