Movie

മമ്മൂട്ടി കരം പിടിച്ചു, നടൻ ജയറാമിനു പുനർജന്മം: സമൂഹത്തോടും സഹപ്രവർത്തകരോടുമുള്ള ഒരു മനുഷ്യസ്നേഹിയുടെ പ്രതിബദ്ധത

    ‘ഓസ്‌ലർ അബ്രഹാം’ എന്ന സിനിമ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു.  നടൻ ജയറാമിന്റെ ഗംഭീരമായ തിരിച്ചുവരവാണ് ഈ ചിത്രം. പത്മരാജൻ്റെ ‘അപരനി’ലൂടെ  വെള്ളിത്തിരയിലെത്തിയ ജയറാം  മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ്. മേലെപറമ്പിൽ ആൺ വീട്, കഥാ നായകൻ, സമ്മർ ഇൻ ബത്‌ലഹേം, അനിയൻ ബാവ ചേട്ടൻ ബാവ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ദി കാർ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച ആ പ്രതിഭയ്ക്ക് വർഷങ്ങൾ ഇപ്പുറം മലയാളത്തിൽ മികച്ച ഒരു ചിത്രം ചെയ്യാൻ ഭാഗ്യം ഉണ്ടായില്ല.

മുൻ നിരനായകനായി മലയാളത്തിൽ തിളങ്ങി നിന്ന ജയറാം പിന്നീട് അന്യ ഭാഷാ ചിത്രങ്ങളിൽ പോയി വില്ലനും സഹനടനുമൊക്കെയായി അധഃപതിക്കുന്നതും നാം കണ്ടു. ജയറാമിന് ഇനി മലയാള സിനിമയിൽ ഒരു തിരിച്ചു വരവില്ലെന്ന് പ്രവചിച്ചവരാണ് ഏറെയും. എന്നാൽ, ഇതാ അഞ്ച് വർഷങ്ങൾക്ക് ശേഷം നടൻ ജയറാം നായകനായെത്തിയ സിനിമ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വിജയക്കുതിപ്പ് നടത്തുകയാണ് വീണ്ടും. സത്യത്തിൽ നായകൻ എന്ന നിലയിൽ മലയാള സിനിമയിലേയ്ക്കുള്ള ജയറാമിൻ്റെ തിരിച്ചു വരവ് കൂടിയാണ് ‘ഓസ്‌ലർ അബ്രഹാം.’

മിഥുൻ മാനുവേൽ തോമസിൻ്റെ ഈ ചിത്രം വൻ വിജയം നേടിയതിനു പിന്നിൽ ജയറാമിൻ്റെ നായകത്വത്തിൽ ഉപരി മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിദ്ധ്യമാണ്. അലക്സാണ്ടർ എന്ന കഥാപാത്രമായി ഈ സിനിമയിൽ മമ്മുട്ടി ഗസ്റ്റ് റോളിൽ രംഗപ്രവേശം ചെയ്യുമ്പോൾ അത് മമ്മൂട്ടി ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു. ശരിക്കും തീയേറ്റർ ഒരു പൂരപ്പറമ്പ് ആകുകയായിരുന്നു. മമ്മുട്ടി സ്വന്തം  ഇമേജ് നോക്കാതെ പ്രധാന വില്ലനായി  ഈ സിനിമയിൽ അഭിനയിച്ചില്ലായിരുന്നു എങ്കിൽ മറ്റ് ജയറാം സിനിമകൾക്ക് സംഭവിക്കുന്നതുപോലെ ‘ഓസ്‌ലർ അബ്രഹാ’മും പരാജയത്തിൻ്റെ പടുകുഴിയിൽ പതിച്ചേനെ.

തൻ്റെ പ്രിയപ്പെട്ട സഹപ്രവർത്തകനായ ജയറാമിനെ രക്ഷപ്പെടുത്തിയെടുക്കാൻ മമ്മൂട്ടി എന്ന മനുഷ്യ സ്നേഹി ഇതിൽ മറ്റൊന്നും ആലോചിക്കാതെ അഭിനയിച്ചു എന്ന് പറയുന്നതാകും നേര്. ശരിക്കും ത്യാഗം തന്നെ. പല ആളുകളും മമ്മൂട്ടി ഈ സിനിമയിൽ ഉണ്ടെന്നുള്ള സൂചനമൂലം എത്തിയവരാണെന്ന് വ്യക്തം. തമിഴ് സൂപ്പർ സ്റ്റാർ വിജയ്, ഈ സിനിമയിൽ മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞ് സിനിമ കാണണമെന്ന് താല്പര്യം പ്രകടിപ്പിച്ചെന്ന് ജയറാം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശരിക്കും ഈ പടത്തിൻ്റെ വിജയ ശില്പി മെഗാസ്റ്റാർ മമ്മൂട്ടി അല്ലാതെ മറ്റാരും അല്ല.

പുതുമുഖ സംവിധായകരെ വളർത്തിയെടുക്കാനും നവ പ്രതിഭകളെ കണ്ടെത്താനും മമ്മൂട്ടി കാണിക്കുന്ന താത്പര്യം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ മറ്റ് സൂപ്പർ സ്റ്റാറുകൾക്ക് ഇല്ല എന്നതാണ് വാസ്തവം. പ്രായത്തിനനുസരിച്ചുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ അനേഷിച്ചുപോയി കണ്ടെത്തി ഒരു കൊച്ചു കുട്ടിയുടെ  കൗതുകത്തോടെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന മമ്മുട്ടി തന്നെയാണ് ഇന്നും മലയാള സിനിമയിലെ ഒന്നാമൻ.

അദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും തുടർച്ചയായി സൂപ്പർഹിറ്റുകൾ സമ്മാനിക്കാനാവുന്നില്ലെന്നതും അതിൻ്റെ തെളിവാണ്. മലയാള സിനിമാ രംഗത്ത് തൻ്റെ സഹപ്രവർത്തകരെ ഇത്ര കരുതലോടെ വീക്ഷിക്കുന്ന, സംരക്ഷിക്കുന്ന മറ്റൊരു താരം ഉണ്ടോ എന്നു സംശയം. അതിൻ്റെ ഉത്തമ ഉദാഹരണം ആണ് നടൻ ജയറാമിൻ്റെ തിരിച്ചു വരവ്. സത്യത്തിൽ മമ്മുക്കാ വല്യേട്ടനായി നിന്നു കൊണ്ട് ജയറാമിനെ ചേർത്ത് പിടിക്കുകയായിരുന്നു. ഓസ്‌ലറുടെ പ്രെമോഷൻ പ്രോഗ്രാമിലും  നടൻ ജയറാമിനൊപ്പം മമ്മുക്കായും പങ്കെടുത്തതും വളരെ ശ്രദ്ധേയമായി. ജയറാം പോലും  തുറന്നു പറഞ്ഞു, തനിക്ക് വേണ്ടിയാണ് മമ്മുക്കാ ഈ സിനിമയിൽ അഭിനയിച്ചതെന്ന്.

ഒരുപാട് സിനിമകളിൽ മമ്മൂട്ടിയും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ചേട്ടനും അനിയനുമായിട്ട് വന്ന ചിത്രമാണ് ധ്രുവം. ഇത് മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവുമാണ്. ഒടുവിൽ അനിയനെ രക്ഷിക്കാൻ ചേട്ടൻ വേണ്ടി വന്നു.

സമീപകാല തുടര്‍പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷമുള്ള തന്റെ തിരിച്ചുവരവിന് മമ്മൂട്ടിയുടെയും മിഥുന്‍ മാനുവല്‍ തോമസിന്റെയും കൈ പിടിക്കുകയാണ് ജയറാം. മലയാള സിനിമയുടെ മാറിയ കാലത്ത്, ജയറാമിന് എത്രത്തോളം സ്വയം പുതുക്കാനും കാലത്തിനൊപ്പം സഞ്ചരിക്കാനും സാധിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഓസ്ലറിലേക്ക് എത്തുന്നത്.

തൃശ്ശൂര്‍ എസി.പിയാണ് ജയറാമിന്റെ എബ്രഹാം ഓസ്ലര്‍. തന്റെ ഭൂതകാലത്തെ ദുരന്തത്തിന്റെ ട്രോമയും പേറിയാണ് അയാള്‍ ജീവിക്കുന്നത്. അതയാളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ഹാലൂസിനേഷനിലേക്ക് വരെ എത്തിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയിരിക്കെ നഗരത്തിലെ വലിയൊരു ആശുപത്രിയില്‍ വച്ച് ഒരു കൊലപാതകം നടക്കുന്നു. പിന്നാലെ തുടര്‍ കൊലപാതകങ്ങളും അരങ്ങേറി. കേസ് ഓസ്ലറിലേക്ക് എത്തുന്നു. തുടർന്ന് കൊലപാതകിയെ  കണ്ടെത്താന്‍ ഓസ്ലറും അയാളുടെ ടീമും നടത്തുന്ന അന്വേഷണമാണ് സിനിമ.

ഒരു മെഡിക്കൽ സസ്പെൻസ് ത്രില്ലർ ആയിട്ടാണ് ഓസ് ലർ തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കണ്ട ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. കഥയിൽ പക്ഷേ സങ്കീർണത ഏറെയാണ്.

മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തിൽ ലഭിച്ചത്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം മിഥുൻ മുകുന്ദൻ. ഈ ചിത്രത്തിൽ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും മുഖ്യവേഷത്തിലുണ്ട്. ചിത്രത്തിൽ ജഗദീഷ് കലക്കി എന്ന് തന്നെ പറയണം. അദേഹത്തിൻ്റെ അഭിനയം എടുത്ത് പറയേണ്ടത് തന്നെയാണ്. സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എന്തായാലും ഈ സിനിമ തൻ്റെ തിരിച്ചു വരവിന് വഴിയൊരുക്കി എങ്കിൽ അതിന് ജയറാം കൈകൊടുക്കേണ്ടത് മമ്മൂട്ടിക്കു തന്നെ.

അതുപോലെ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മമ്മൂട്ടിയുടെ പങ്കാളിത്തവും ആ മനുഷ്യ സ്നേഹിയുടെ കാരുണ്യ സ്പർശത്തിന്റെ അന്യാദൃശ്യമായ മാതൃക തന്നെ.

Back to top button
error: