പഴയ കടങ്ങളൊക്കെ വീട്ടി ഏറ്റവും മനോഹരമായ രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം അവസാനിപ്പിച്ചിരിക്കുന്നത്.ഡിസം ബർ മാസം തുടർച്ചയായ മൂന്ന് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു.
മുംബൈ സിറ്റിയും മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ കൈക്കരുത്ത് അറിഞ്ഞു. മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ ചെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
അതിലുപരി ഇന്ത്യൻ സൂപ്പർ ലീഗിലുള്ള എല്ലാ ടീമുകളെയും ഇവാൻ വുക്മനോവിച്ചിന്റെ ടീം പരാജയപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.ഏറ്റവും ഒടുവിൽ അവശേഷിച്ചിരുന്നത് മോഹൻ ബഗാനായിരുന്നു.മൂന്ന് വർഷങ്ങൾക്കിടെ ആദ്യമായി അവരെ പരാജയപ്പെടുത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
മോഹൻ ബഗാനുമായുള്ള മത്സരത്തിന് ശേഷം ഇവാൻ വുക്മനോവിച്ച് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ ടീമിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തപ്പോൾ മുതലുള്ള ചിത്രങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ആണിത്. അതിന്റെ ക്യാപ്ഷൻ ആണ് ഏറ്റവും ശ്രദ്ധേയം.
“ഹേയ് കേരള..ഞാൻ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു”
കളിക്കാരോട് സ്വയം അഭിമാനിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കേരളത്തെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും നമ്മൾ പകരം വീട്ടി തുടങ്ങിയെന്നും ആശാൻ എഴുതിയിട്ടുണ്ട്.
“നിങ്ങൾ സ്വയം അഭിമാനം കൊള്ളുക, നിങ്ങളുടെ കഠിനാധ്വാനവും ഉദ്ദേശവും നല്ലതാണ് എന്ന കാര്യത്തിൽ നിങ്ങൾ സ്വയം അഭിമാനിക്കുക, നിങ്ങൾ ശ്രമിക്കുന്നു എന്ന സത്യത്തെ ഓർത്തുകൊണ്ട് നിങ്ങൾ സ്വയം അഭിമാനം കൊള്ളുക, നിങ്ങൾക്കായി സമയം പങ്കുവെക്കുന്ന കാണികളെ ഓർത്ത് അഭിമാനം കൊള്ളുക,നിങ്ങൾ മുന്നോട്ടുപോകുന്ന കാര്യത്തെ ഓർത്ത് നിങ്ങൾ സ്വയം അഭിമാനിക്കുക,നിങ്ങൾ ആരാണ് എന്ന കാര്യത്തിൽ ഇനിയും നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ആ കാണികളോട് ചോദിക്കുക.ശേഷം സ്വയം അഭിമാനം കൊള്ളുന്നതിൽ യാതൊരുവിധ തെറ്റുമില്ല- ആശാൻ കുറിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെയും കേരളത്തെയും മലയാളികളെയും ആശാൻ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവുകളാണ് ഹൃദയത്തിൽ നിന്നുള്ള ഈ വരികൾ. ഇവാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ സീസൺ ആണിത്. ഈ മൂന്ന് സീസണുകളിൽ ഉടനീളം ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാനുള്ള കാര്യങ്ങളാണ് ഈ പരിശീലകൻ സമ്മാനിച്ചിട്ടുള്ളത്.