തൃശ്ശൂര്‍: ബി.ജെ.പിക്കുള്ള വലിയ വെല്ലുവിളി ബി.ജെ.പിയിലുള്ളവര്‍തന്നെ എന്ന വിഷയം ചര്‍ച്ചചെയ്ത് തൃശ്ശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗം. ഉദ്ഘാടകനായ ദേശീയ ജനറല്‍സെക്രട്ടറി ഡോ. രാധാമോഹന്‍ അഗര്‍വാള്‍ എം.പിയാണ് ചര്‍ച്ച തുടങ്ങിവെച്ചത്. താഴേക്കിടയിലുള്ള പ്രവര്‍ത്തനം ശക്തമല്ലെന്നതിനാലാണെന്ന് വിശദീകരിച്ചെങ്കിലും ബി.ജെ.പിയിലെ പടലപ്പിണക്കത്തിനും ഗ്രൂപ്പിസത്തിനുമെതിരേയുള്ള കേന്ദ്രനേതൃത്വത്തിന്റെ പരോക്ഷ താക്കീതായി ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ സംസ്ഥാന നേതൃയോഗത്തിലാണ് സ്വയംവിമര്‍ശനമുയര്‍ന്നത്.
പാര്‍ട്ടി നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി എന്താണെന്ന ചോദ്യം ദേശീയ നേതൃയോഗത്തില്‍ നരേന്ദ്രമോദി ചോദിച്ചതായി പറഞ്ഞുകൊണ്ടായിരുന്നു ഡോ. അഗര്‍വാള്‍ ചര്‍ച്ച തുടങ്ങിയത്. പാര്‍ട്ടിയുടെ വലിയ വെല്ലുവിളി ബി.ജെ.പി. തന്നെയാണെന്നാണ് പ്രധാനമന്ത്രി അന്നു പറഞ്ഞതെന്നും ഇത് ഏറ്റവും യോജിക്കുന്നത് കേരളത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സദസ്സിലിരുന്ന എം.ടി. രമേശ് ഉള്‍പ്പെടെയുള്ളവരോട് ഈ ചോദ്യത്തിന് ഉത്തരം പറയാനും ഉദ്ഘാടകന്‍ ആവശ്യപ്പെട്ടു. ശക്തമായ ഇരു മുന്നണികളുടെയും സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെ ശക്തി, പബ്ലിക് റിലേഷന്‍ ഇല്ലാത്തത് തുടങ്ങി നിരവധി ഉത്തരങ്ങള്‍ വന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ബി.ജെ.പിക്കുള്ള പ്രധാന വെല്ലുവിളി ബി.ജെ.പി. തന്നെ എന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.
ബി.ജെ.പിയുടെ കേരളത്തിലെ പ്രധാന ലക്ഷ്യം തൃശ്ശൂര്‍ ആണെന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി. നാലോ അഞ്ചോ സീറ്റുകളില്‍ക്കൂടുതല്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാമത് തൃശ്ശൂരാണ് എന്നായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ സാധിക്കുമെങ്കില്‍ ഇവിടെയും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനഃപൂര്‍വം ഉപദ്രവിക്കാനുള്ള ആസൂത്രിതശ്രമമാണ് ശബരിമലയില്‍ നടന്നതെന്ന് ഡോ. രാധാമോഹന്‍ അഗര്‍വാള്‍ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിന് ഇത്രയേറെ വികസനമുണ്ടാക്കിയ കാലം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.