SportsTRENDING

മറ്റൊരു അട്ടിമറിക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാന് എതിരെ

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ  ഏറ്റവും വാശിയേറിയ പോരാട്ടം ഇന്ന് നടക്കും.
മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം.
ഇന്ത്യൻ എൽ-ക്ലാസിക്കോയെന്നറിയപ്പെടുന്ന  പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കുൾപ്പടെ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ്  കടന്നുപോകുന്നതെങ്കിലും  കഴിഞ്ഞ മത്സരത്തിൽ ശക്തരായ മുംബൈയെ വീഴ്ത്തിയ ഊർജ്ജവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങിയിരിക്കുന്നത്.
 അതേസമയം ഇതേ മുംബൈയുമായുള്ള മത്സരത്തിൽ 2-1ന്റെ തോൽവിയുമായാണ് മോഹൻ ബഗാന്റെ വരവ്.ഇതിന് തൊട്ടുമുൻപുള്ള മത്സരത്തിൽ 4-1 ന്  മോഹൻ ബഗാനെ ഗോവയും തകർത്തിരുന്നു.
നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.11 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും 2 തോൽവിയുമായി 23 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
9 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും ഉൾപ്പെടെ 23 പോയിന്റുള്ള ഗോവയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.ഡിസംബർ 3 ന് ഗോവയിൽ നടന്ന മത്സരത്തിൽ 1-0 ത്തിന് ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.മോഹൻ ബഗാനെതിരായ ഇന്നത്തെ മത്സരത്തിൽ ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ.

ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 2-1ന് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോടും പരാജയപ്പെട്ടിരുന്നു.എന്നാൽ ഡിസംബർ 24 ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ 2-0 ന് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ തകർത്തിരുന്നു.

ക്രിസ്മസ് തലേന്ന് ആരാധകര്‍ക്ക് യഥാര്‍ത്ഥ ക്രിസ്മസ് വിരുന്നുതന്നെയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കിയത്.കളിയുടെ തുടക്കം മുതല്‍ ആധിപത്യം കാട്ടിയ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ലൂണയുടെ അഭാവത്തിലും മികച്ച കളി തന്നെയാണ് അവസാനം വരെ കാഴ്ചവെച്ചത്.

ഫസ്റ്റ് വിസിലോടെ ആക്രമിച്ച്‌ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് 12ാം മിനുട്ടില്‍ത്തന്നെ മുന്നിലെത്തി. ഇടത് ഭാഗത്ത് നിന്ന് പന്തുമായി കുതിച്ച പെപ്ര മൂന്ന് പേരെ വെട്ടിയൊഴിഞ്ഞ് ദിമിത്രിയോസ് ഡയാമന്റക്കോസിന്  നല്‍കിയ ക്രോസ് ഒരു പിഴവും കൂടാതെ താരം വലയിലെത്തിക്കുകയായിരുന്നു.(1-0)

തുടക്കത്തിലെ ആധിപത്യം മുതലാക്കിത്തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്നീടങ്ങോട്ട് കളിച്ചത്.നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ച ബ്ലാസ്റ്റേഴ്‌സ് മുംബൈയെ ആദ്യാവസാനം വിറപ്പിച്ചു.ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു രണ്ടാമത്തെ ഗോള്‍.മനോഹരമായ ഒരു മുന്നേറ്റത്തിനൊടുവില്‍ ദിമിത്രിയോസ് മറിച്ചുനല്‍കിയ പന്ത് ഒരു പിഴവും കൂടാതെ പെപ്രയും മുംബൈയുടെ വലയിലെത്തിച്ചു .(2-0)

തുടക്കം മുതല്‍ ഒടുക്കം വരെ അടിച്ചുപിടിച്ചു നിന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയുടെ കരുത്തും അര്‍പ്പണബോധവുമായിരുന്നു മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്സ്.35000 വരുന്ന സ്വന്തം കാണികൾക്ക് മുന്നിൽ ഈ‌ സീസണിൽ അപരാജിത കുതിപ്പു നടത്തുകയായിരുന്ന മുംബൈയുടെ മുഖമടച്ചാണ് അന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രഹരിച്ച് വിട്ടത്.

Back to top button
error: