റിയാദ്: വിമാനയാത്രയ്ക്കിടെ റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലുള്ളതായി വിവരം ലഭിച്ചു. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയും അറസ്റ്റിലാവുകയായിരുന്നു.
റിയാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് മലയാളികളെയും അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂര്‍ അറിയിച്ചു. തൃശൂര്‍, പരപ്പനങ്ങാടി സ്വദേശികളെയാണ് കണ്ടെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വേഗം പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജിസാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃശൂര്‍ സ്വദേശി റിയാദില്‍ അറസ്റ്റിലായത്. യാത്രയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടാവുകയും വിമാനത്തിനകത്ത് വെച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നുവെന്ന് സിദ്ദീഖ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ഇദ്ദേഹത്തിന് നേരത്തേ തന്നെ മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ ചികിത്സ നല്‍കാതെ വിമാനത്തില്‍ നാട്ടിലക്ക് അയക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ജിസാനില്‍നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍.
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെ പോലീസ് കേസുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. കോഴിക്കോട് നിന്ന് സൗദിയിലെ അബഹയിലേക്ക് പോകാനായി റിയാദ് വിമാനത്താവളത്തിലെത്തിയതായിരുന്നു. മുമ്പ് സൗദിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ പലചരക്ക് കടയില്‍നിന്ന് കേടായ സാധനങ്ങള്‍ വിറ്റ കേസില്‍ നിയമനടപടി നേരിടുന്നയാളാണിദ്ദേഹം. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഇനിയും അവസാനിച്ചിട്ടില്ല.
വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. നിയമ നടപടികള്‍ നേരിടുന്നവര്‍ യാത്രക്ക് മുമ്പായി അബ്ശിര്‍ വഴിയോ നീതിന്യായ വകുപ്പിന്റെ നാജിസ് പോര്‍ട്ടല്‍ വഴിയോ കേസിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സിദ്ദീഖ് തുവ്വൂര്‍ ഓര്‍മിപ്പിച്ചു.