IndiaNEWS

ഭാര്യ വ്രതമെടുത്തില്ല, വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; ഇതൊക്കെ ഒരു കാരണമാണോയെന്ന് കോടതി

ന്യൂഡല്‍ഹി: ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനും ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകള്‍ അനുഷ്ഠിക്കുന്നതാണ് കര്‍വാ ചൗത്ത്. ഉത്തരേന്ത്യയിലാണ് ഈ ആചാരം കൂടുതലായും നടന്നുവരുന്നത്. എന്നാല്‍ കര്‍വാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് യുവാവ്. ഡല്‍ഹിയിലാണ് സംഭവം.

കര്‍വാ ചൗത്തില്‍ ഉപവസിക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും വ്രതമെടുക്കുന്നതോ വ്രതമെടുക്കാതിരിക്കുന്നതോ ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യക്ക് ഭര്‍ത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വിവാഹമോചനം അനുവദിച്ചത്.

Signature-ad

2009ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ വിവാഹത്തിന്റെ തുടക്കം മുതല്‍, ഭാര്യയുടെ പെരുമാറ്റം മോശമായിരുന്നെന്നും ദാമ്പത്യബാധ്യതകള്‍ നിറവേറ്റുന്നതില്‍ താല്‍പര്യമില്ലായിരുന്നെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. കര്‍വാ ചൗത്ത് ദിവസത്തില്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാത്തതിനാല്‍ വ്രതമെടുക്കില്ലെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നെന്നും ഇയാള്‍ ആരോപിച്ചു. ഇതിന് പുറമെ ഈ ഏപ്രില്‍ മാസത്തില്‍ കടുത്ത നടുവേദന വരികയും ഡിസ്‌ക് സ്ഥാനം തെറ്റുകയും ചെയ്തപ്പോള്‍ ഭാര്യ തന്നെ പരിചരിച്ചില്ലെന്നും പകരം, നെറ്റിയില്‍ നിന്ന് സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താന്‍ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്തെന്നും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

 

Back to top button
error: