മുണ്ടക്കയം: കടുവ ഭീതി ഒഴിയാതെ കെ കെ റോഡ്.മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവ പശുവിനെ കൊന്നുതിന്നുകയും അത് വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ കുട്ടിക്കാനത്തിനും പീരുമേടിനും സമീപം കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യമുണ്ടായി.
പീരുമേട് ജനവാസമേഖലയില്‍ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യമുണ്ട്.കെകെ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കുമളി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിന് മുന്പിലേക്കും കടുവ ചാടി. അന്നുതന്നെ രാവിലെ ആറിന് പ്രഭാത സവാരിക്കിറങ്ങിയവര്‍ തോട്ടാപ്പുരയിലും കടുവയെ കണ്ടിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പ്ലാക്കത്തടത്ത് കടുവാ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുനായയെ പിടിച്ചതായും പരാതിയുണ്ടായിരുന്നു.കാട്ടാനയും പുലിയും കാട്ടുപോത്തും ഇറങ്ങിയതിനു പിന്നാലെ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കടുവയുടെ സാന്നിധ്യവും ഉറപ്പായതോടെ പുറത്തിറങ്ങാൻ ഭയക്കുകയാണ് ജനങ്ങൾ.