തിരുവനന്തപുരം: പരീക്ഷകളില്‍ കുട്ടികള്‍ക്ക് വാരിക്കോരി മാര്‍ക്കു നല്‍കുന്നുവെന്ന അഭിപ്രായം ഔദ്യോഗികമല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. വ്യക്തിപരമായ അഭിപ്രായം മാത്രമാണത്. ഒരു യോഗത്തില്‍ വെച്ച് അധ്യാപകരോട് സംസാരിച്ചത് ആരോ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച വിശദീകരണം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി. യോഗത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥരായ അധ്യാപകര്‍ മാത്രമാണ് സംബന്ധിച്ചിരുന്നത്. തീരുമാനങ്ങള്‍ എന്ന നിലയിലല്ല കാര്യങ്ങള്‍ പരാമര്‍ശിച്ചത്. വ്യക്തിപരമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. അത് ആരോ ഫോണില്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
അതല്ലാതെ വകുപ്പിന്റെ നയമോ സര്‍ക്കാരിന്റെ നയമോ എന്ന തരത്തില്‍ ഒരു പരാമര്‍ശവും യോഗത്തില്‍ നടത്തിയിട്ടില്ലെന്നും ഷാനവാസ് വിശദീകരണക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. മന്ത്രി ഈ വിശദീകരണം പരിശോധിച്ച ശേഷമാകും തുടര്‍നടപടി. ഈ ശബ്ദസന്ദേശം ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.