ജീവിതത്തിൽ തോറ്റു പോയി എന്ന് കരുതുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്ന ജീവിതത്തിനുടമയാണ് ശാലിനി. വിഴിഞ്ഞം സ്വദേശിയാണ്.
ക്യാൻസർ രോഗത്തിന്റെ കാഠിന്യത്തിൽ തന്നെയും ചിറക് മുളയ്ക്കാത്ത രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ ക്രൂര മനസിനോടും തന്റെ ആത്മവിശ്വാസത്തെ വെല്ലുവിളിച്ചിരുന്ന രോഗത്തോടും തെല്ലും പരഭവമില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തെ സ്നേഹിച്ച് മാനുഷിക വിജയം കൈ വരിച്ച ശാലിനിയെ പരിചയപ്പെടാം.
2013 -ൽ തുടങ്ങിയ ഒറ്റപ്പെടലിനൊടുവിൽ 2019-ൽ ശാലിനിയെ പാലിയേറ്റീവ് കെയറിൽ എത്തിച്ചു. മരണ സാധ്യതയുള്ളതിനാൽ 26 ആം വയസിൽ യൂട്രസ് നീക്കം ചെയ്തു.എന്നാൽ തോൽക്കാൻ ശാലിനി ഒരുക്കമായിരുന്നില്ല.
പ്രോജക്റ്റുകൾ സമർപ്പിച്ചാൽ സർക്കാരിൽ നിന്നും ലോൺ കിട്ടുമെന്ന് അവിടെ നിന്നും മനസിലാക്കി.അങ്ങനെ ലൈവ് ഐസ് ക്രീം എന്ന ആശയം ഉദിച്ചു എങ്കിലും ലോക്ക്ഡൗൺ കാരണം അതും ഇല്ലാതായി.
പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്താൽ തിരുവനന്തപുരം നഗരത്തിൽ അയാളുടെ അമ്മയെ നോക്കുന്ന പണി 3000/രൂപ ശമ്പളത്തിൽ ചെയ്തു തുടങ്ങി.കോവിഡ് കാലമായിരുന്നതിനാൽ മാസ്കിന് ക്ഷാമമുള്ള കാലമായിരുന്നു അത്.
ആ സമയത്ത് മാസ്ക്ക് കിട്ടാതായതോടെ പൂജപ്പുര ജയിലിൽ മാസ്ക്ക് നിർമ്മാണം ഉണ്ടായിരുന്നു. അവിടെ നിന്നും ആ തൊഴിൽ പഠിച്ച്, സോഷ്യൽ മീഡിയ വഴി സ്ത്രീകളെ മാസ്ക്ക് നിർമ്മാണം പഠിപ്പിച്ച് രണ്ട് മാസം കൊണ്ട് 40,000/രൂപ വരുമാനം ഉണ്ടാക്കി.
ആ സമയത്തായിരുന്നു ഐസ് ക്രീം ഷോപ്പിൽ വന്നിരുന്ന സംഗീത കോളേജിലെ 3 കുട്ടികളെ അവിചാരിതമായി കാണാൻ ഇടയായത്.അവിടെ നിന്നും ചോറ്റ് പത്രം എന്ന ആശയത്തിലേക്ക് നീങ്ങി.ഓരോരുത്തർക്കും പ്രത്യേകമായി ചോറ്റ് പാത്രം വാങ്ങി , അത് ആരും കളയാതിരിക്കാൻ വേണ്ടി ‘എന്റെ ചോറ്റ് പാത്രം’ എന്ന പേരും നൽകി.ഒപ്പം 35 രൂപക്ക് ഡെയിലി ഒരാൾക്ക് ഉച്ച ഭക്ഷണം നൽകാനും തുടങ്ങി . മൂന്ന് പേരിൽ തുടങ്ങിയ ചോറ്റ് പാത്രത്തിന് ഇന്ന് രണ്ടു വയസുകാരി മുതൽ 83 വയസുള്ള അയ്യർ സാർ വരെ കസ്റ്റ്മേഴ്സാണ്.
ഈ ചോറ്റ് പാത്രത്തിൽ നിന്നും മകനെ എഞ്ചിനിയറും മകളെ ഡോക്ടറുമാക്കി രോഗത്തെ തോൽപ്പിച്ചു.ഇന്നും ചോറ്റ് പാത്രവുമായി ജീവിത വിജയത്തിൽ മുന്നോട്ട് പോകുകയാണ് ശാലിനി.ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ…