Breaking NewsKeralaLead NewsLIFELife StyleNEWSNewsthen Specialpolitics

‘വീടു നിര്‍മിക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ ആദ്യമേ നിയമം ഉണ്ടാക്കാത്തതിനാല്‍’; യൂത്ത് കോണ്‍ഗ്രസിന്റെ 30 വീടുകളുടെ കാര്യത്തില്‍ പുതിയ നുണയുമായി ഒ.ജെ. ജനീഷ്; കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വഞ്ചിതരായത് പണം വാങ്ങിപ്പോയ 104 വീട്ടുകാര്‍; പ്രാദേശിക നേതൃത്വത്തെ പദ്ധതിയേല്‍പ്പിക്കാന്‍ പ്രിയങ്കയ്ക്കും വിശ്വാസമില്ല; സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുക ഒരുകോടി രൂപയുടെ ആസ്തി

യൂത്ത് കോണ്‍ഗ്രസ് ഇതുവരെ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന/ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതെന്നു വ്യക്തമാക്കിയില്ല. വയനാട് ഭവന പദ്ധതിക്ക് യൂത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ച സ്ഥലത്തിനു നിയമക്കുരുക്ക് ഇട്ടോ? വയനാട് പദ്ധതിക്കു വേണ്ടി നിങ്ങള്‍ സ്ഥലം വാങ്ങിയോ? അതല്ല സ്ഥലം കണ്ടെത്തിയോ? ഭവന പദ്ധതിക്കു രൂപം കൊടുത്തോ? എവിടെയാണു വീടു നിര്‍മിക്കുകയെന്നു തീരുമാനിച്ചോ? അതിനാവശ്യമുള്ള പണം സംഘടിപ്പിച്ചോ എന്നീ ചോദ്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസിനെതിരേ ചോദിക്കുന്നത്.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ നിര്‍മാണം എങ്ങുമെത്താത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ചു വിചിത്ര വാദവുമായി സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. വയനാട്ടിലെ ഭൂമികള്‍ക്കുള്ള നിയമക്കുരുക്ക് ആദ്യമേതന്നെ സര്‍ക്കാര്‍ പരിഹരിക്കാത്തതാണു വീടു നിര്‍മാണം നടക്കാത്തതിനു കാരണമെന്നാണ് ജനീഷിന്റെ വാദം. വീടു നിര്‍മാണത്തിന് ഒരിഞ്ചു ഭൂമിപോലും വാങ്ങാന്‍ ശ്രമിക്കാതെയാണ് സര്‍ക്കാരിനെ പഴിച്ചു വീണ്ടും രംഗത്തുവന്നത്.

എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തത് മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ്. ആദ്യം ഇവിടുത്തെ ഭൂമിക്കു മതിയായ പണം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. ആദ്യം നിശ്ചയിച്ച തുകയില്‍നിന്ന് കോടികള്‍ വീണ്ടും വിലകൂട്ടേണ്ടിവന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ വീടു നിര്‍മാണം ആരംഭിച്ചത്.

Signature-ad

എന്നാല്‍, ഭവന നിര്‍മാണത്തിനു മുന്നോട്ടു വരുന്ന സംഘടനകള്‍ ഏറ്റെടുക്കുന്ന ഭൂമികളെ നിയമക്കുരുക്കില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് ആദ്യമേതന്നെ ഉത്തരവ് ഇറക്കാമായിരുന്നു എന്നാണ് ജനീഷിന്റെ വാദം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മാത്രമാണ് ആ തീരുമാനം എടുത്തത്. ഏറ്റെടുത്തത് തോട്ട ഭൂമി തന്നെയാണ്. മാധ്യമങ്ങള്‍ താരതമ്യം ചെയ്യുന്നത് സര്‍ക്കാരിനെയും ഒരു പ്രതിപക്ഷത്തു നില്‍ക്കുന്ന യുവജന സംഘടനയെയുമാണ്. ഞങ്ങള്‍ക്ക് ഏതെങ്കിലും നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്ന സംഘടനയല്ലല്ലോ. സര്‍ക്കാരിന് അതിനു സാധിക്കും. സര്‍ക്കാരിന്റെ പട്ടികയില്‍നിന്നു പുറത്തുപോയ അര്‍ഹതപ്പെട്ടവര്‍ക്കുവേണ്ടി അത്തരമൊരു ഉത്തരവ് ഇറക്കാമായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസഹകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീടുയരുന്നതിനു മുമ്പ് മറ്റാരുടെയും വീട് ഉയരേണ്ടതില്ലെന്ന ഒരു ചിന്തയുമാണ് യൂത്ത് കോണ്‍ഗ്രസ് വീടുകള്‍ വൈകുന്നതിനു കാരണമെന്നും ജനീഷ് പറയുന്നു.

 

എന്നാല്‍, സര്‍ക്കാരിനു പുറമേ, വീടുവച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത സന്നദ്ധ സംഘടനകളും മത-രാഷ്ട്രീയ സംഘടനകളും അവരുടെ വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന കാര്യം ജനീഷ് മറന്നുപോയോ എന്നാണു വിമര്‍ശനം ഉയരുന്നത്. കത്തോലിക്കാ സഭ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരടക്കമുള്ളവര്‍ വയനാട്ടില്‍ വീടു നിര്‍മാണം പൂര്‍ത്തിയാക്കി താക്കോലും കൈമാറിയിട്ടുണ്ട്. ഇവരെല്ലാം സര്‍ക്കാര്‍ പറഞ്ഞ മാനദണ്ഡങ്ങളോ അതില്‍ കൂടുതലോ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണു പൂര്‍ത്തിയാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് ഇതുവരെ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന/ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏതെന്നു വ്യക്തമാക്കിയില്ല. വയനാട് ഭവന പദ്ധതിക്ക് യൂത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ച സ്ഥലത്തിനു നിയമക്കുരുക്ക് ഇട്ടോ? വയനാട് പദ്ധതിക്കു വേണ്ടി നിങ്ങള്‍ സ്ഥലം വാങ്ങിയോ? അതല്ല സ്ഥലം കണ്ടെത്തിയോ? ഭവന പദ്ധതിക്കു രൂപം കൊടുത്തോ? എവിടെയാണു വീടു നിര്‍മിക്കുകയെന്നു തീരുമാനിച്ചോ? അതിനാവശ്യമുള്ള പണം സംഘടിപ്പിച്ചോ എന്നീ ചോദ്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസിനെതിരേ ചോദിക്കുന്നത്.

വയനാട് ജില്ലയിലെ ഓരോ വാര്‍ഡിലുമുള്ള രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയെങ്കിലും സ്ഥലം കണ്ടെത്താന്‍ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ടൗണ്‍ഷിപ്പാണ് ഉദ്ദേശിക്കുന്നത് എന്നാണു ജനീഷ് പറയുന്നത്. പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ നിലത്തു കിടന്നുരുളുന്ന സമീപനമാണ് ജനീഷിന്റേതെന്നും വിമര്‍ശകര്‍ പറയുന്നു.

സര്‍ക്കാര്‍ സമയത്തു വീടു നിര്‍മിക്കില്ലെന്നും എല്ലാം പാഴ്‌വാക്കാണെന്നും കോണ്‍ഗ്രസ് അടക്കം ആരോപണമുന്നയിച്ചതിന്റെ പേരിലാണ് ടൗണ്‍ഷിപ്പിലെ വീടു വേണ്ടെന്നുവച്ച് 104 കുടുംബങ്ങള്‍ 15 ലക്ഷം വീതം വാങ്ങിപ്പോയത്. ഇവരടക്കമുള്ളവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് വീടു വച്ചു നല്‍കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിപ്പോയത്. ടൗണ്‍ഷിപ്പിലെ വീടും അതിനുള്ള സ്ഥലവും കൈയില്‍ കിട്ടുമ്പോള്‍ ഏതാണ്ട് ഒരുകോടിക്ക് അടുത്തുള്ള ആസ്തിയാണ് ഓരോരുത്തരുടെയും കൈയിലേക്ക് എത്തുമായിരുന്നത്. ഇതും പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണത്തില്‍ നഷ്ടമായി എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും സംയുക്തമായി പ്രഖ്യാപിച്ച നൂറു വീടുകള്‍ക്കു സര്‍ക്കാര്‍ മാനദണ്ഡപ്രകാരം എത്ര പണം വേണമെന്നതില്‍ പോലും തീരുമാനമായിട്ടില്ല. ഇതിനായി പിരിച്ച പണം മുക്കിയെന്ന ആരോപണം ഉന്നയിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ്. 88 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. ഇതുകൊണ്ട് മുപ്പതു വീടു പോയിട്ടു നാലു വീടുകള്‍ പോലും തീരില്ല. എഐസിസി ജനറല്‍ സെക്രട്ടറിയും നിലവിലെ വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുള്‍പ്പെടെ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.

എന്നാല്‍, പ്രഖ്യാപനം പാഴാകില്ലെന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി.ജെ. ഐസക്. ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, പ്രാദേശിക നേതൃത്വത്തെ ഇത്രയും വലിയ ഒരു പദ്ധതി ഏല്‍പ്പിക്കാന്‍ ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ലാത്തതാണ് പദ്ധതി വൈകാന്‍ കാരണം എന്നാണ് പാര്‍ട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ നിലപാട്. പ്രാദേശിക നേതൃത്വത്തിന് കാര്യക്ഷമായി ഇടപെടാനാകുമോ എന്നതില്‍ പ്രിയങ്ക ഗാന്ധി സംശയാലുവാണെന്നും മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടുന്നു.

നിര്‍ജീവമായ ജില്ലാ കമ്മിറ്റിയോട് നേരത്തെ തന്നെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഡിസിസി പ്രസിഡന്റിനെ പോലും മാറ്റിയത്. സമീപകാലത്തെ വയനാട് സന്ദര്‍ശനത്തില്‍ പോലും ഇരുനേതാക്കളും ജില്ലാ നേതാക്കളുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ പദ്ധതി നടപ്പാകുമെന്നും, ഇതില്‍ പ്രാദേശിക നേതൃത്വത്തിന് വലിയ പങ്കുണ്ടാകില്ലെന്നുമാണ് നേതാവ് നല്‍കുന്ന സൂചന.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ യൂത്ത് കോണ്‍ഗ്രസ് ഇതിനോടകം തന്നെ ആരോപണ മുനയിലാണ്. പുനരധിവാസത്തിന്റെ പേരില്‍ പിരിച്ച 88 ലക്ഷം രൂപ വെട്ടിച്ചെന്നാണ് ആരോപണങ്ങള്‍. എന്നാല്‍ ഭൂമി ലഭ്യമല്ലാത്തതിനാലാണ് പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.

മുണ്ടക്കൈ ഭവനപദ്ധതിക്കായി ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കിയെന്ന യൂത്ത് കോണ്‍ഗ്രസ് വാദവും ആദ്യമേതന്നെ പൊളിഞ്ഞിരുന്നു. ഈ ആവശ്യമുന്നയിച്ച് ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുണ്ടക്കൈ ഭവനപദ്ധതിയുടെ പേരില്‍ പൊതുജനങ്ങളില്‍നിന്നുള്‍പ്പെടെ പണം പിരിച്ചിട്ടും വീട് വച്ച് കൊടുക്കാത്തത് വിവാദമായപ്പോഴാണ് പുതിയ കള്ളവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും 30 വീട് സ്പോണ്‍സര്‍ ചെയ്ത യൂത്ത് കോണ്‍ഗ്രസ് വന്നില്ല. 25 വീട് വാഗ്ദാനംചെയ്ത ഡിവൈഎഫ്ഐ 100 വീടിനായി 20 കോടി നല്‍കി. എഐവൈഎഫ് ഒരുകോടി നല്‍കി. അപ്പോഴൊന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: