മഹാരാഷ്ട്രയിലെ ദുരഭിമാന കൊല: പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ കൊന്നിട്ടു വരാന്‍ പറഞ്ഞത് പോലീസുകാര്‍ ; സംഭവത്തെക്കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂനെ: മഹാരാഷ്ട്രയിലെ നാന്ദെഗഡില്‍ കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെ വിവാഹം ചെയ്ത യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. കാമുകി അഞ്ചല്‍ മാമിദ്വാറിന്റെ (21) സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 20 വയസ്സുള്ള സക്ഷം ടേറ്റെ കൊല്ലപ്പെട്ടത്.
ഈ ദുരഭിമാനക്കൊല കേസില്‍ പോലീസ് എട്ട് പ്രതികളെയാണ് പേരെടുത്ത് പറഞ്ഞിട്ടുള്ളത്: ഗജാനന്‍ ബാലാജി മാമിദ്വാര്‍ (അഞ്ചലിന്റെ പിതാവ്), ജയശ്രീ മാമിദ്വാര്‍ (അഞ്ചലിന്റെ മാതാവ്), സാഹില്‍ ഗജാനന്‍ മാമിദ്വാര്‍ (അഞ്ചലിന്റെ മൂത്ത സഹോദരന്‍), സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കര്‍, ചേതന്‍ ബാലാജി മാമിദ്വാര്‍, കൂടാതെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളും.
അഞ്ചലിന്റെ 17 വയസ്സുള്ള ഇളയ സഹോദരനും പ്രതികളുടെ കൂട്ടത്തിലുണ്ട്. ആറ് പേര്‍ പിടിയിലായിട്ടുണ്ട്, രണ്ട് പേര്‍ ഒളിവിലാണ്. അഞ്ചലിന്റെ ഇളയ സഹോദരന്‍ ടേറ്റെയ്ക്ക് നേരെ വെടിയുതിര്‍ത്തതായും വെടിയുണ്ട വാരിയെല്ലുകളില്‍ തുളച്ചുകയറിയതായും തുടര്‍ന്ന് തലയില്‍ ടൈല്‍ കൊണ്ട് അടിക്കുകയും ചെയ്തതായാണ് ആരോപണം.
വെള്ളിയാഴ്ച, ടേറ്റെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, ദുഃഖിതയായ അഞ്ചല്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ ‘വിവാഹം’ ചെയ്തു. ഹൃദയഭേദകമായ ഈ രംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്നുമുതല്‍ ടേറ്റെയുടെ വീട്ടില്‍ താമസിക്കാനാണ് താന്‍ തീരുമാനിച്ചതെന്നും അവര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
തന്റെ കുടുംബം തന്നെ വഞ്ചിച്ചതായി അവര്‍ അവകാശപ്പെട്ടു. ‘ മൂന്ന് വര്‍ഷമായി ഒരുമിച്ചായിരുന്നു… ഞങ്ങളുടെ വിവാഹം നടത്തിത്തരാമെന്ന് എന്റെ സഹോദരങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ ഞങ്ങളെ വഞ്ചിച്ചു.” അവര്‍ പറഞ്ഞു. സക്ഷം ടേറ്റെയെ ആക്രമിക്കാന്‍ തന്റെ സഹോദരങ്ങളെ രണ്ട് പോലീസുകാര്‍ പ്രേരിപ്പിച്ചതായും അവര്‍ ആരോപിച്ചു.
അഞ്ചലിന്റെ കുടുംബാംഗങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘സക്ഷമിനെ കൊലപ്പെടുത്തിയ ദിവസം രാവിലെ 11 മണിയോടെ, തന്റെ ഇളയ സഹോദരന്‍ എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി സക്ഷമിനെതിരെ കള്ളപ്പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ പോലീസുകാര്‍ തന്നെ തന്റെ സഹോദരനോട് പറഞ്ഞു, ‘നിങ്ങള്‍ ആളുകളെ കൊന്നിട്ട് ഇവിടെ വരാറുണ്ടല്ലോ. നിങ്ങളുടെ സഹോദരിക്ക് ബന്ധമുള്ള ഈ മനുഷ്യനെ നിങ്ങള്‍ എന്തുകൊണ്ട് കൊല്ലുന്നില്ല? ഉടന്‍ സഹോദരന്‍ശരി, ഞാന്‍ അവനെ വൈകുന്നേരത്തോടെ കൊന്നിട്ട് നിങ്ങളുടെ അടുത്ത് വരാം” എന്ന് മറുപടി നല്‍കിയതായും പറഞ്ഞു.
‘ജാതിയുടെ പേരിലാണ് കൊലപാതകം നടന്നത്’ എന്നും അവര്‍ പറഞ്ഞു. അഞ്ചല്‍ മാമിദ്വാര്‍ സ്‌പെഷ്യല്‍ ബാക്ക്വേര്‍ഡ് ക്ലാസില്‍ നിന്നുള്ളയാളാണ്, ടേറ്റെയാകട്ടെ ദളിതനുമായിരുന്നു.






