CrimeNEWS

തീയേറ്ററില്‍ സിനിമയ്ക്കിടെ തുണിയുരിഞ്ഞ് മോഷണം; നീലഗിരി സ്വദേശി പിടിയില്‍

തിരുവനന്തപുരം: സിനിമ നടക്കുന്നതിനിടെ കാണികളുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് നീലഗിരി നെല്ലാര്‍ കോട്ടയില്‍ കണ്ണച്ചാംപറമ്പില്‍ വിബിന്‍ (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ സിനിമ കാണാനെത്തിയ യുവതികളുടെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. പണം നഷ്ടപ്പെട്ടവര്‍ തിയേറ്റര്‍ അധികൃതരെ പരാതി അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ തിയേറ്റര്‍ അധികൃതര്‍ ദൃശ്യങ്ങള്‍ പോലീസിനു കൈമാറുകയും പരാതി നല്‍കുകയും ചെയ്തു.

Signature-ad

ടിക്കറ്റെടുത്ത് തിയേറ്ററിലെ സീറ്റിലെത്തുന്ന വിബിന്‍ ആളൊഴിഞ്ഞ ഭാഗത്തേക്കു മാറിയിരുന്ന ശേഷം സിനിമ തുടങ്ങുമ്പോള്‍ വസ്ത്രം ഊരിമാറ്റി അര്‍ധനഗ്‌നനായി സീറ്റുകള്‍ക്കു പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്‌സ് മോഷ്ടിക്കുന്നതാണ് പതിവെന്ന് പോലീസ് പറയുന്നു. സിനിമയില്‍ ലയിച്ചിരിക്കുന്നവര്‍ മോഷണവിവരം അറിയില്ല. തുടര്‍ന്ന് സീറ്റിലെത്തി വസ്ത്രം ധരിക്കും.

പരാതി ഉയര്‍ന്നതോടെ പല തിയേറ്ററുകളിലും സമാനമായ രീതിയില്‍ മോഷണം നടന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ മുരളീകൃഷ്ണന്‍, എസ്.ഐ. ശ്രീകുമാര്‍, സി.പി.ഒ. നന്ദു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. കോടതി വിബിനെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: