ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രാവിലെ ഏഴരയോടെയാണ് തര്‍ക്കം ഉടലെടുത്തത്.
ഇരു കുടുംബങ്ങള്‍ തമ്മിലുള്ള സ്ഥലത്തര്‍ക്കം ദീര്‍ഘകാലമായുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലാണ് സ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നത്.
പ്രേം യാദവ് രാവിലെ സത്യപ്രകാശിന്റെ വീട്ടിലെത്തുകയും ഇവര്‍ തമ്മില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുകയുമായിരുന്നു. തുടര്‍ന്ന് പ്രേം യാദവിനെ സത്യപ്രകാശ് മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവം അറിഞ്ഞ് പ്രേം യാദവിന്റെ ആള്‍ക്കാര്‍ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനെയും ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മകനെയും തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദിയോറിയ പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ പറഞ്ഞു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.