KeralaNEWS

നാലിനല്ല, വിഴിഞ്ഞത്ത് കപ്പല്‍ എത്തുക പതിനഞ്ചിന്; കാലാവസ്ഥ പ്രതികൂലമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ന് വൈകിട്ട് നാലു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നാലാം തീയതി എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും കടലിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് മാറ്റം വന്നതെന്ന് മന്ത്രി പറഞ്ഞു.

ഷാങ്ഹായ്, വിയറ്റ്നാം, സിങ്കപ്പൂര്‍, മലേഷ്യ, കൊളംബോ വഴി 6000 നോട്ടിക്കല്‍ മൈല്‍ താണ്ടിയാണ് കപ്പല്‍ മുന്ദ്രയില്‍ എത്തേണ്ടിയിരുന്നത്. കപ്പലിന്റെ ശരാശരി വേഗത മണിക്കൂറില്‍ 11 നോട്ടിക്കല്‍ മൈലാണ്. ഷാങ്ഹായ്, വിയറ്റ്നാം, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ടൈക്കൂണ്‍ കാരണം കപ്പലിന്റെ വേഗത 5നോട്ടിക്കല്‍ മൈലായതിനാലാണ് കപ്പല്‍ വൈകുന്നത്. ഒക്ടോബര്‍ 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം.

Signature-ad

വലിയ പ്രതീക്ഷയോടെയാണ് കേരളം ഇതിനെ നോക്കിക്കാണുന്നത്. നേരത്തെ തീരുമാനിച്ചതുപോലെ കപ്പലിനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോബാളും എത്തിച്ചേരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Back to top button
error: