LIFELife Style

സൂപ്പര്‍ താരനായികയായശേഷം ബിഗ്രേഡ് പടങ്ങളുടെ താരറാണിയായ അഭൗമസൗന്ദര്യം…!

ണ്‍പതുകളുടെ പകുതിക്ക് ശേഷം ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഉദയം കൊണ്ട ആന്ധ്രാപ്രദേശ് സ്വദേശിയായ ജയരേഖ അക്ഷരാര്‍ത്ഥത്തില്‍ സുരസുന്ദരിയായിരുന്നു.സിനിമ ഒരേ സമയം ജയരേഖയ്ക്ക് അതിജീവനവും അഭിനിവേശവുമായിരുന്നു.മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ അക്കാലത്ത് ജയരേഖ അവസരങ്ങള്‍ തേടി തന്റെ അഭിനയമോഹം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചു.

തന്റെ തുടക്കകാലത്ത് ”മൂവന്തിപൂക്കള്‍” എന്ന മലയാളസിനിമയില്‍ നായികയായി ജയരേഖയ്ക്ക് ഓഫര്‍ വരികയും അതില്‍ അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഷൂട്ടിംഗ് പകുതിവച്ച് ജയരേഖയെ അകാരണമായി മാറ്റി. അത് അക്കാലത്തെ സിനിമാവാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൈയില്‍ വന്ന അവസരം നഷ്ടമായി നിരാശയിലായ ജയരേഖയ്ക്ക് പക്ഷേ ഉടന്‍തന്നെ മറ്റൊരവസരം മലയാളസിനിമയില്‍ നിന്നും കൈവന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതി ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ”ഐസ്‌ക്രീം’ എന്ന സിനിമയില്‍ അന്നത്തെ ടോപ്പ് നായികയായ ലിസിക്കൊപ്പം സഹനായികാ റോളില്‍ ജയരേഖ എത്തി. 1986 ല്‍ പുറത്തിറങ്ങി

Signature-ad

ജയരേഖ, ലിസി കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ വിപുലീകരിച്ച അതിഥി വേഷത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും എത്തിയിരുന്നു.ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒളിച്ചോടുന്ന രണ്ടു പെണ്‍കുട്ടികള്‍ ( ലിസി, ജയരേഖ) തിലകന്റേയും ഭരത്‌ഗോപിയുടേയും കാറില്‍ വന്നു കയറുന്നതും ആ പെണ്‍കുട്ടികളെ തിരക്കി സുരേഖയും പോലീസുകാരായ ഇന്നസെന്റും പറവൂര്‍ ഭരതനും അന്വേഷിച്ചിറങ്ങുന്നതുമാണ് ഇതിവൃത്തം. സിനിമ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ലിസിക്കൊപ്പം ജയരേഖയും ആരാധകശ്രദ്ധ കവര്‍ന്നു. അങ്ങനെ മലയാളത്തില്‍ ജയരേഖ മലയാളത്തില്‍ ”ഐസ്‌ക്രീം ജയരേഖ” എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി.

തുടര്‍ന്ന് 1987 ല്‍ ആയിടെ സൂപ്പര്‍താരപദവിയിലെത്തിയ മോഹന്‍ലാലിന്റെ നായികയായി ”വഴിയോരക്കാഴ്ചകള്‍” എന്ന ചിത്രത്തില്‍ ജയരേഖ എത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇന്‍ഡസ്ട്രി ഹിറ്റടിക്കുകയും മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുകയും ചെയ്ത ”രാജാവിന്റെ മകന്‍” എന്ന സിനിമയുടെ ഡയറക്ടര്‍ ആയ തമ്പി കണ്ണന്താനം തന്നെയായിരുന്നു ഈ സിനിമയും സംവിധാനം ചെയ്തത്.

എന്നാല്‍ ഈ സിനിമയും ബോക്‌സോഫീസ് വിജയമാവാതെ പോയി.ആ വര്‍ഷം തന്നെ മുന്‍പ് 1978 ല്‍ പുറത്തിറങ്ങി ബോക്‌സോഫീസ് വിജയമായ ”ലിസ” എന്ന ഹോറര്‍ സിനിമയുടെ സീക്വല്‍ ആയിവന്ന ”വീണ്ടും വിസ” എന്ന സിനിമയില്‍ സരസ്വതി എന്ന മെയ്ന്‍ റോളില്‍ ജയരേഖ അഭിനയിച്ചു.ചിത്രം പരാജയമായെങ്കിലും ജയരേഖയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടു.

1989 ല്‍ ഐ.വി.ശശിയുടെ സുരേഷ് ഗോപി നായകനായ ”അക്ഷരത്തെറ്റ്” എന്ന സിനിമയില്‍ ജഗതിയുടെ ഭാര്യാവേഷത്തില്‍ സഹനടിയായി ജയരേഖ അഭിനയിച്ചു. ഉര്‍വശി, സുധ,ലിസി എന്നീ നായികമാരുടെ ബാഹുല്ല്യത്തിലും ചിത്രത്തില്‍ തന്റെ സാന്നിദ്ധ്യം തെളിയിക്കാന്‍ ജയരേഖയ്ക്കായി.തന്റെ ആദ്യ 4 സിനിമകളും തുടരെപരാജയമായത് ജയരേഖയ്ക്ക് തിരിച്ചടിയായി. സൗന്ദര്യവും അഭിനയമികവ് പുലര്‍ത്തിയിട്ടും മുഖ്യധാരയില്‍ ജയരേഖയ്ക്ക് അര്‍ഹിച്ച വേഷങ്ങള്‍ ലഭിക്കാതെ പോയി.
അങ്ങനെ 1989 ല്‍ തേവലക്കര ചെയ്യപ്പന്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും സില്‍ക്ക് സ്മിത നായികയായും എത്തിയ ”മിസ് പമീല” എന്ന സിനിമയില്‍ സില്‍ക്കിന്റെ കൂട്ടുകാരിയായി എത്തിയ ജയരേഖയും തന്റെ ജ്വലിക്കുന്ന സൗന്ദര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സില്‍ക്കിന്റെ മാദകരംഗങ്ങളാല്‍ സമ്പന്നമായിരുന്ന ഈ ചിത്രം വിജയം നേടി.

മിസ് പമീലയുടെ വിജയത്തിനു ശേഷം മുഖ്യധാരയില്‍ നിന്ന് ട്രാക്ക് മാറുന്ന ജയരേഖയെ ആണ് കാണാന്‍ കഴിഞ്ഞത്. അങ്ങനെ എണ്‍പതുകളുടെ അന്ത്യത്തില്‍ ബിഗ്രേഡ് / ഗ്ലാമര്‍ സിനിമയിലേക്ക് ജയരേഖ എന്ന അഭിനേത്രി വഴിമാറിയൊഴുകി.

1989 ല്‍ പി.കെ.കൃഷ്ണന്‍ സംവിധാനം ചെയ്ത് ജയലളിത നായികയായി ടി.ജി.രവി, സത്താര്‍, രവി മേനോന്‍, കുതിരവട്ടം പപ്പു എന്നിവര്‍ അണിനിരന്ന ”അവള്‍ ഒരു സിന്ധു” എന്ന ബിഗ്രേഡ് സിനിമയില്‍ മോളി എന്ന കഥാപാത്രമായി ജയരേഖ എത്തി. 1990 ല്‍ പുറത്തിറങ്ങിയ ”സ്ത്രീക്ക് വേണ്ടി സ്ത്രീ” എന്ന സിനിമയില്‍ അഭിനയസമ്പന്നതകൊണ്ടും ഗ്ലാമര്‍ സൗന്ദര്യത്താലും ജയരേഖ വിസ്മയിപ്പിച്ച സിനിമയാണ്. ഇതില്‍ രവി മേനോന്റെ ഭാര്യയായി ഉള്ള ആദ്യരാത്രി സീന്‍ ജയരേഖയുടെ അഭൗമസൗന്ദര്യം പ്രകടമാക്കി ആരാധകര്‍ ഇന്നും ഓര്‍ക്കുന്ന രംഗമാണ്.

തുടര്‍ന്ന് പുറത്തിറങ്ങിയ മൈഡിയര്‍ റോസി, മിസ് സ്‌റ്റൈല്ല, ആദിതാളം, പൂന്തേനരുവി ചുവന്നപ്പോള്‍, കൗമാര സ്വപ്നങ്ങള്‍, ഉന്‍മാദലഹരി, മന്‍മഥശരങ്ങള്‍ എന്നിവയും ജയരേഖ അഭിനയിച്ച ബിഗ്രേഡ് ചിത്രങ്ങളാണ്. ആദിതാളത്തില്‍ രാജീവ് എന്ന പുതിയ നായകനൊത്ത് മെയ്ന്‍ നായികയായി തിളങ്ങി.1990 ല്‍ തന്നെ പുറത്തിറങ്ങിയ അക്കാലത്തെ ഏറ്റവും കാശുവാരിയ പടങ്ങളിലൊന്നായ ”ശങ്കരന്‍ കുട്ടിക്കൊരു പെണ്ണുവേണം” എന്ന സൂപ്പര്‍ ഹിറ്റ് കോമഡി ബിഗ്രേഡ് സിനിമയില്‍ ജിംനേഷ്യം / ഫിസിക്കല്‍ എക്‌സര്‍സൈസ് ട്രെയ്‌നറുടെ വേഷത്തിലും ജയരേഖ തിളങ്ങി. 90 കളുടെ ആദ്യപകുതിയില്‍ തന്നെ അവസരങ്ങള്‍ കുറഞ്ഞ് കളം വിട്ട ജയരേഖയുടെ വിജയരാഘന്‍ നായകനായി ഏറെ വൈകി റിലീസായ ”ഞാന്‍ രാജാവ്” എന്ന ചിത്രം 2002 ല്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

മുന്‍പ് 90 കാലഘട്ടത്തില്‍ നിര്‍മ്മിച്ച് റിലീസ് ആവാതെ പെട്ടിയിലായ രവി വര്‍മ്മ, പ്രതിഭ, ജയലളിത, യുവശ്രീ എന്നിവര്‍ അഭിനയിച്ച ഒരു പഴയപടത്തിലേയും ഉസ്മാന്‍-റോഷ്‌നി, വെട്രി-കുംതാസ് എന്നീ പുതിയ തലമുറയിലേയും താരങ്ങളെ വച്ച് റീഷൂട്ട് ചെയ്ത രംഗങ്ങളും സമന്വയിപ്പിച്ച് ഇറക്കി 2002 ല്‍ റിലീസ് ചെയ്ത ”ഞാന്‍ തമ്പുരാന്‍” എന്ന സിനിമ യു.സി.റോഷന്‍ ചെയ്ത സിനിമയിലും ജയരേഖ അഭിനയിച്ചിരുന്നു. അതില്‍ രവിവര്‍മ്മയുടെ ഭാര്യയായി ആദ്യരാത്രിയില്‍ തന്നെ രവിവര്‍മ്മയുടെ സൈക്കോ കഥാപാത്രത്തിനാല്‍ കൊല്ലപ്പെടുന്ന നിഷകളങ്കയായ യുവതിയുടെ റോളിലായിരുന്ന ജയരേഖ പ്രത്യക്ഷപ്പെട്ടത്. അങ്ങനെ 2002 ല്‍ ടൈറ്റിലില്‍ ഒരേ അര്‍ത്ഥത്തിലുള്ള ”ഞാന്‍ രാജാവ്” , ”ഞാന്‍ തമ്പുരാന്‍” എന്നീ വ്യത്യസ്ത ചിത്രങ്ങളിലൂടെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മലയാളത്തില്‍ തീയേറ്റര്‍ റിലീസ് കിട്ടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്ന അപൂര്‍വ്വ നേട്ടവും ജയരേഖയ്ക്ക് ലഭിച്ചു.

തമിഴിലെ പ്രൊഡ്യൂസര്‍ ആയിരുന്ന പുഷ്പരാജിനെ വിവാഹം കഴിച്ച് തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ സിനിമയോട് വിടപറഞ്ഞ ജയരേഖ പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മെഗാ സീരിയല്‍ തരംഗം വന്നപ്പോള്‍ തമിഴ് സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ട് വീണ്ടും അഭിനയരംഗത്തേക്ക് മിനിസ്‌ക്രീനിലൂടെ തിരിച്ചുവന്നിരുന്നു.

സൂപ്പര്‍ ഹീറോയിന്‍ രമ്യാകൃഷ്ണന്‍, സീമ , പഴയ ഗ്ലാമര്‍ നായിക അനുരാധ എന്നിവര്‍ വേഷമിട്ട സണ്‍ ടി.വിയിലെ തങ്കം, പൊന്നൂഞ്ഞാല്‍ എന്നീ തമിഴ് സീരിയലുകള്‍ ജയരേഖ അഭിനയിച്ച പ്രശസ്ത സീരിയലുകളില്‍ ചിലതാണ്. ഇപ്പോഴും ചെന്നൈയില്‍ താമസിച്ചുകൊണ്ട് തമിഴ് സീരിയലുകളില്‍ സജ്ജീവമാണ് ഈ അഭിനേത്രി.

 

 

Back to top button
error: