KeralaNEWS

ഇടഞ്ഞ ‘ഗണേശ’നെ മെരുക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി; തിരിച്ചെടുത്ത മുന്നാക്ക കോര്‍പറേഷന്‍ മടക്കി നല്‍കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ കൈയിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് പുറത്തിറക്കും. കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് കണ്‍വീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം.രാജഗോപാലന്‍നായരെ നിയമിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. കോര്‍പറേഷന്‍ ഭരണ സമിതിയും ഇന്നലത്തെ ഉത്തരവിലൂടെ പുനസംഘടിപ്പിച്ചിരുന്നു. സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.

Signature-ad

മന്ത്രിസ്ഥാനം ലഭിക്കാത്ത കേരള കോണ്‍ഗ്രസിനു നല്‍കിയ പ്രധാന പദവിയായിരുന്നു കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലെത്തിയപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കി മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കിയിരുന്നു. രണ്ടരവര്‍ഷം തികയ്ക്കുമ്പോള്‍ കെ.ബി.ഗണേശിന് മന്ത്രിസ്ഥാനവും ഉറപ്പ് നല്‍കിയിരുന്നു. ആന്റണിരാജുവിന് പകരക്കാരനായാണ് ഗണേഷ് മന്ത്രിസ്ഥാനത്ത് എത്തേണ്ടത്. പ്രതിഷേധം മുന്നണിയോഗത്തില്‍ ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് (ബി) തീരുമാനം. മുന്നണി മര്യാദ പാലിച്ചില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ട്.

മുന്നണിയിലെ ധാരണ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തതാണ് കടുത്ത പ്രതിഷേധത്തിനു കാരണമായത്. പാര്‍ട്ടിയുമായി കൂടിയാലോചന പോലും നടത്താതെ സിപിഎം ഏകപക്ഷീയമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു നേതാക്കള്‍.

 

 

Back to top button
error: