KeralaNEWS

ഫയലിൽ നിന്നും വയലിലേക്കിറങ്ങി; കൃഷിവകുപ്പാണ് ഈ‌ ഓണത്തിന്റെ താരം

തിരുവനന്തപുരം:ഫയലില്‍ നിന്നും വയലിലേക്കിറിങ്ങി പച്ചക്കറി വിലയെ പിടിച്ചുകെട്ടി കൃഷി വകുപ്പ്.വിവിധ ഇടങ്ങളില്‍ കൃഷി ചെയ്ത കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറി മുതല്‍ വിപണിയില്‍ നിന്നും കൂടിയ വിലയ്ക്കു വാങ്ങി 30 ശതമാനം വില കുറച്ചു വിറ്റുമാണ് കൃഷി വകുപ്പിന്റെ വിപണിയിലെ ഇടപെടല്‍.

ഇതോടെ പച്ചക്കറി വിലയുടെ റോക്കറ്റ് കുതിപ്പിന് കേരളത്തിൽ കടിഞ്ഞാണിടാനായി.ഓരോ പഞ്ചായത്തിലെയും പ്രമുഖ കേന്ദ്രങ്ങളിലാണ് കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ നേരിട്ട നിയന്ത്രണത്തില്‍ കര്‍ഷക ചന്ത പ്രവര്‍ത്തിക്കുന്നത്. നാളുകളായി കൊള്ളലാഭം മാത്രം ലക്ഷ്യമിട്ട് വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച മൊത്തവിതരണക്കാര്‍ ഇതോടെ മുട്ടു മടക്കി. ന്യായമായ ലാഭം മാത്രമെടുത്ത് കച്ചവടം ചെയ്യാമെന്ന് ഒരിക്കല്‍ കൂടി വ്യാപാരികളെ ഓര്‍മ്മിപ്പിക്കുകയാണ് കര്‍ഷകച്ചന്തകള്‍.

വിപണിയില്‍ പൊള്ളും വിലയായി നിന്ന തക്കാളിയും ഇഞ്ചോടിഞ്ച് വില കൂടിയ ഇഞ്ചിയും വില്പന വിലയില്‍ കുറവു വരുത്തിയാണ് കൃഷി ഭവൻ ചന്തകള്‍ കച്ചവടക്കാരെ നേരിട്ടത്. ഇതോടെ കിലോ 80 രൂപയ്ക്ക് കഴിഞ്ഞ ദിവസം വരെ വിറ്റ തക്കാളി ഒറ്റയടിക്ക് 60 ലെത്തി. കൃഷി ഭവൻ ചന്തയില്‍ 38 രൂപയാണ് വില. കിലോ 225 വരെയെത്തിയ ഇഞ്ചി 160ലെത്തി. ചന്തയില്‍ 125 ആണ് വില. ഓണത്തിന് കൊള്ളലാഭം കൊയ്യാനിറങ്ങിയ കച്ചവക്കാര്‍ക്കാണ് ചന്തകള്‍ ഇരുട്ടടിയായത്. കൃഷിഭവനു കീഴില്‍ ജൈവ കൃഷിയിറക്കിയ മുഴുവൻ പേരില്‍ നിന്നും ഉത്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച്‌ ചന്തയിലെത്തിച്ചു.

Signature-ad

നാടൻ പയറിനാണ് ഏറെ ഡിമാന്റ് കര്‍ഷകരില്‍ നിന്നും കിലോ 95 രൂപയ്ക്ക് ശേഖരിക്കുന്ന നാടൻ കുറ്റിപയര്‍ 150 വരെയാണ് കടകളിലെ വില.ചന്തകളില്‍ 105രൂപ നല്‍കിയാണ് കച്ചവടക്കാരെ ഞെട്ടിച്ചത്. കാലാവസ്ഥ വ്യതിയാനത്തില്‍ പയര്‍ കൃഷി  വ്യാപകമായി നശിച്ചിരുന്നു. ഓണവിപണണിയിലെത്തേണ്ട പയര്‍ കനത്ത ചൂടില്‍ വാടിക്കരിഞ്ഞു പോയിരുന്നു. മുൻ വര്‍ഷം കൃഷിയെ ബാധിച്ച പ്രളയഭീതിയില്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ പാട്ടത്തിനെടുത്താണ് പലരും കൃഷിയിറക്കിയത്. എന്നാല്‍ ചരിത്രത്തില്‍ ഇന്നു വരെ ഇല്ലാത്ത ചൂ‌ടാണ് ഈ മാസമുണ്ടായത്. ഇതോടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാൻ പ്രയാസം നേരിടുകയും കൃഷി വ്യാപകമായി നശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഉള്ള പച്ചക്കറിക്ക് നല്ലവില നല്‍കി ശേഖരിച്ച്‌ വിപണിയില്‍ എത്തിച്ചത്.

കൃഷി ഭവൻ പച്ചക്കറി വില

(ബ്രാക്കറ്റില്‍ വിപണി വില)

ഏത്തക്കായ നാടൻ 52 (70)

വെണ്ടയ്ക്ക 30 (60)

പാവക്ക 45 (60)

വള്ളിപ്പയര്‍ 22 (100)

ക്യാരറ്റ് 46 (80)

ബീൻസ് 45 (100)

തക്കാളി 38 (60)

ക്യാബേജ് 28 (50)

മുരിങ്ങ 25 (80)

ഇഞ്ചി 125 (160)

സവാള 30 (40)

കിഴങ്ങ് 32 (40)

വെളുത്തുള്ളി 145 (200)

ബീറ്റ് റൂട്ട് 35 (60)

Back to top button
error: