കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെ.എ.എൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു കെ.എ.എൽ മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവച്ചു.
മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണു പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തിൽ 26 % ഓഹരി കെ.എ.എലിനും ബാക്കി ലോഡ്സ് മാർക് ഇൻഡസ്ട്രീസിനുമാണ്. സംരംഭം വഴി 1200 പേർക്കു നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും.
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സർവീസ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിൽ വയനാട്ടിലെ സർവീസ് സെന്റർ ആരംഭിച്ചുകഴിഞ്ഞു. ഡീലർഷിപ്പിനൊപ്പം സർവീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.