തൃശൂർ:തിരുവോണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനായിരം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.വിഐപി ദര്‍ശനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. കാളന്‍, ഓലന്‍, കായ വറവ്, മോര്, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാല്‍ വിഭവമായി പഴം പ്രഥമനും ഉണ്ടാകും.
രാവിലെ പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നല്‍കുക. അന്നലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി ഒമ്ബതിന് തുടങ്ങും. രണ്ടിന് അവസാനിപ്പിക്കും.
ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ്. രാവിലെ ശീവേലിക്കുശേഷം കൊടിമര ചുവട്ടില്‍ മേല്‍ശാന്തി ആദ്യ കുല സമര്‍പ്പിക്കും.ഓണനാളുകളില്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം നടപടി.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ വിഐപി ദര്‍ശനം ഉണ്ടാകില്ല. ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള ദര്‍ശനവും ഈ ദിനങ്ങളില്‍ ഉണ്ടാകില്ല.