തിരുവനന്തപുരം: ഭര്‍ത്താവ് ഓടിച്ചിരുന്ന മുച്ചക്ര വാഹനത്തിലിരുന്ന് യാത്ര ചെയ്യവെ കാറിടിച്ച് മരിച്ച മുഹമ്മ താമരപ്പള്ളില്‍ വീട്ടില്‍ മഞ്ജുവിന് പിന്നാലെ ഭര്‍ത്താവ് ദിലീപും മരിച്ചു. ഭിന്നശേഷിക്കാരനായ ദിലീപ് ഓടിച്ച സ്കൂട്ടറിന്റെ പിന്നില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തിരുവല്ലം ഭാഗത്തുനിന്നു ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരികയായിരുന്നു ഇരുവരും.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ മഞ്ജു കാറിന് അടിയിലായി. ദിലീപ് റോഡിന്റെ മറ്റൊരു വശത്തേക്കു തെറിച്ചു വീണു. കാര്‍ മറിച്ചിട്ട് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനം ഓടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ഫോര്‍ട്ട് പോലീസ് കേസ് എടുത്തു.
ദിലീപിന് ആറു മാസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അറ്റന്ററായി ജോലി കിട്ടിയതിനെത്തുടര്‍ന്ന് പാങ്ങപ്പാറയില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു ഇവര്‍. മക്കള്‍: രാഹുല്‍, ദേവിക.