KeralaNEWS

കോവിഡ് കിറ്റില്‍ സംസ്ഥാനത്തിന് തിരിച്ചടി; റേഷന്‍കടക്കാര്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണംചെയ്ത റേഷന്‍കടയുടമകള്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്.

2020 ഏപ്രില്‍ ആറിനാണ് ഭക്ഷ്യക്കിറ്റ് വിതരണംചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരു കിറ്റിന് അഞ്ചുരൂപ നിരക്കില്‍ റേഷന്‍കട ഉടമകള്‍ക്ക് കമ്മിഷന്‍ നല്‍കാന്‍ 2020 ജൂലൈയ് 23-ന് തീരുമാനിച്ചു. എന്നാല്‍, രണ്ടുമാസംമാത്രമേ കമ്മിഷന്‍ നല്‍കിയുള്ളൂ. ബാക്കി 11 മാസത്തെ കമ്മിഷന്‍ ആവശ്യപ്പെട്ട് റേഷന്‍കടയുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് അവര്‍ക്കനുകൂലമായി ഹൈക്കോടതിയുടെ വിധിയുണ്ടായത്.

Signature-ad

കമ്മിഷന്‍ നല്‍കാന്‍ സമയപരിധിയും ഹൈക്കോടതി നിശ്ചയിച്ചിരുന്നു. പിന്നീട് ഈ സമയപരിധി നീട്ടിനല്‍കിയിട്ടും കമ്മിഷന്‍ നല്‍കാതെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അധികസമയം നല്‍കിയിട്ടും എന്തുകൊണ്ട് കമ്മിഷന്‍ നല്‍കിയില്ലെന്ന് ചോദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയത്.

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കിറ്റ് നല്‍കിയതെന്നും മാനുഷികപരിഗണനയോടെ കണ്ട് അത് സൗജന്യമായി വിതരണംചെയ്യണമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. കമ്മിഷന്‍ നല്‍കണമെങ്കില്‍ 40 കോടിരൂപയുടെ അധികച്ചെലവ് വരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനുവേണ്ടി അഡ്വ. എം.ടി. ജോര്‍ജും സംസ്ഥാനസര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സെല്‍ സി.കെ. ശശിയും ഹാജരായി. കോവിഡ് കാലത്ത് പ്രത്യേക മുറിയെടുത്തും അധിക ജോലിക്കാരെ നിയമിച്ചും കിറ്റ് വിതരണം നടത്തിയ റേഷന്‍കട ഉടമകള്‍ക്ക് നീതി ലഭിച്ചെന്ന് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജോണി നെല്ലൂരും വൈസ് പ്രസിഡന്റ് ജോണ്‍സന്‍ വിളവിനാലും പ്രതികരിച്ചു.

Back to top button
error: