KeralaNEWS

പി.കെ. കൃഷ്ണദാസിന്റെ  പ്രഖ്യാപനങ്ങൾ വെറുതെ: റയിൽവെ

കോഴിക്കോട്:ഇന്ത്യൻ റെയില്‍വേയുടെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസിന്റെ  പ്രഖ്യാപനങ്ങളെല്ലാം വെറുതെയാണെന്ന് റയിൽവെ മന്ത്രാലയം.
തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയില്‍വേ സ്റ്റേഷൻ എന്ന് മാറ്റും, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷൻ വിമാനത്താവളത്തിന് തുല്യമാക്കും.ഇന്ത്യൻ റെയില്‍വേയുടെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസിന്റെ അടുത്തിടെയുള്ള പ്രഖ്യാപനങ്ങളില്‍ ചിലത് മാത്രമാണിത്.
 റെയില്‍വേ മന്ത്രിയുടെ അതേ ‘പവറില്‍ ‘ വമ്ബൻ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള അധികാരം പാസഞ്ചര്‍ കമ്മിറ്റിക്കുണ്ടോ ? ഇല്ല എന്ന് തന്നെയാണ് ഇന്ത്യൻ റെയില്‍വേയുടെ വ്യക്തമായ ഉത്തരം. റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും യാത്രക്കാരുടെ സൗകര്യങ്ങളും വൃത്തിയും മറ്റും പരിശോധിക്കുകയാണ് കമ്മിറ്റിയുടെ പരമപ്രധാനമായ ചുമതലയെന്നും റയിൽവെ വ്യക്തമാക്കുന്നു.
തന്നെയുമല്ല,വാര്‍ത്താ സമ്മേളനങ്ങളോ
പ്രഖ്യാപനങ്ങളോ നടത്തരുതെന്ന് പി.എ.സിയുടെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പി.കെ. കൃഷ്ണദാസ് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലുമെത്തി പ്രഖ്യാപനങ്ങള്‍ തുടരുകയാണ്. മാധ്യമങ്ങളെ എല്ലാം വിളിച്ചാണ് ഇത്തരം പ്രഖ്യാപനങ്ങള്‍. കമ്മിറ്റിയുടെ റെയില്‍വേ സ്റ്റേഷൻ സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ പാടില്ലെന്ന് കര്‍ശനമായ മാര്‍ഗരേഖയുണ്ട്. എന്നാല്‍, ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള അകമ്ബടിയോടെയാണ് കൃഷ്ണദാസിന്റെ സന്ദര്‍ശനം.

സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കാൻ ഉണ്ടെങ്കില്‍ അത് ഡിവിഷണല്‍ മാനേജര്‍മാരെ അറിയിക്കുകയാണ് വേണ്ടത്. കൃഷ്ണദാസിന്റെ അറിയിപ്പുകള്‍ പലതും കേരളത്തിലെ എം.പിമാരും മറ്റും ഇടപെട്ട് നേടിയെടുത്ത വികസന പ്രവര്‍ത്തനങ്ങളാണ്. ഈ പദ്ധതികളെക്കുറിച്ച്‌ പറയാൻ പി.എ.സിക്ക് നിയമപ്രകാരം കഴിയില്ല. വെറും ഉപദേശക സമിതി മാത്രമാണ് പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി. ഉപദേശക സമിതി ആയതിനാല്‍ തന്നെ മറ്റുപ്രത്യേക പദവികള്‍ ഒന്നും കമ്മിറ്റിക്കില്ലെന്ന് റെയില്‍വേ ബോര്‍ഡിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.

Back to top button
error: