ജീവനാംശം നല്‍കാത്തതില്‍ പ്രതിഷേധം; മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തില്‍ ബാനറും നോട്ടീസുമായി ആദ്യഭാര്യ

ജീവനാംശം നല്‍കാത്ത മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധവുമായി ചൈനയില്‍ നിന്നുള്ള യുവതി രംഗത്ത്. ജീവനാംശമായി തനിക്ക് ലഭിക്കേണ്ടിയിരുന്ന 1.16 കോടി രൂപ നല്‍കാതെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ ഭര്‍ത്താവിന്റെ വിവാഹ ചടങ്ങില്‍ എത്തിയ യുവതി ഒരു ബാനര്‍ ഉയര്‍ത്തിക്കാട്ടി ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. 2019 -ല്‍ ലി എന്ന തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ലുവോ എന്ന യുവതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
വിവാഹമോചന സെറ്റില്‍മെന്റില്‍ ലി അവരുടെ മകളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ജീവനാംശമായി ലുവോയ്ക്ക് 10 ലക്ഷം യുവാന്‍ (1.16 കോടി രൂപ) നല്‍കാനും സമ്മതിച്ചു. ഇതിനു പുറമേ അവള്‍ പുനര്‍വിവാഹം കഴിക്കുന്നത് വരെ ചികിത്സാ ചെലവുകളും ബിസിനസ് ഇന്‍ഷുറന്‍സും ഏറ്റെടുത്ത് കൊള്ളാം എന്നും സമ്മതിച്ചിരുന്നു. എന്നാല്‍, തനിക്ക് തരാമെന്ന് സമ്മതിച്ച തുക തരാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് തടസ്സമായി ലുവോ എത്തിയത്. വിവാഹദിനത്തില്‍ ബാനര്‍ ഉയര്‍ത്തിയും വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ലഘുലേഖകള്‍ നല്‍കിയുമായിരുന്നു ലുവോയുടെ പ്രതിഷേധം.
സംഭവത്തെ തുടര്‍ന്ന്, ലീ തന്റെ ആദ്യഭാര്യക്കെതിരെ മൂന്ന് മാനനഷ്ടക്കേസുകള്‍ നല്‍കി. കൂടാതെ കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക മൂന്ന് ഗഡുക്കളായി നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ലുവോ വിവാഹവേദിയിലെ തന്റെ പെരുമാറ്റത്തിന് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു.