ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ച സംഭവത്തിൽ ജീവനക്കാര്‍ക്ക് നോട്ടിസ് അയച്ച് ആരോഗ്യ വകുപ്പ്.
മഹാരാഷ്‌ട്രയിലെ വസ്‌മത് ഗ്രാമീണ മഹിള ആശുപത്രിയിലാണ് സംഭവം.ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഹിംഗോളി ഗ്രാമവാസിയായ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിന് പിന്നാലെ ഓട്ടോറിക്ഷയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് വിരമിക്കുന്ന സൂപ്രണ്ടിന് യാത്രയപ്പ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഡോക്‌ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍.
ചടങ്ങിനിടെ യുവതിക്ക് ചികിത്സ നല്‍കാനോ ഓട്ടോറിക്ഷയിലെത്തിച്ച യുവതിയെ ലേബര്‍ റൂമിലെത്തിക്കാനോ ജീവനക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. സംഭവ സമയത്ത് യുവതിയുടെ അടുത്ത് ഡോക്‌ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ യാത്രയപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന തിരക്കിലാണെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ജീവനക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.ഒരു ദിവസത്തിനകം ജീവനക്കാരോട് മറുപടി നല്‍കാനാണ് നോട്ടിസിലെ നിര്‍ദേശം.