തരൂരിന്റെ സൗന്ദര്യശാസ്ത്രം കോണ്‍ഗ്രസിന് വിരൂപശാസ്ത്രം; യുഡിഎഫിനേയും ബിജെപിയെയും തഴുകിത്തലോടി തരൂരിന്റെ വിജയാശംസകള്‍: കോണ്‍ഗ്രസ് ക്യാമ്പില്‍ തരൂരിനെതിരെ കലാപക്കൊടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ചരിത്രം കുറിച്ച് പിടിച്ചെടുത്തപ്പോള്‍ ശശി തരൂര്‍ എംപി നടത്തിയ വിജയാശംസകള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ തരൂരിനെതിരെ കലാപക്കൊടിയുയര്‍ത്തി.
വാശിയേറിയ തെരഞ്ഞെടുപ്പില്‍ കേരളമാകെ യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസും നേടിയ മഹാവിജയത്തിന്റെ തിളക്കം നഷ്ടമാക്കുന്നതാണ് തരൂരിന്റെ ബിജെപി സ്തുതിയെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു.
ഒരു കൈകൊണ്ട് കോണ്‍ഗ്രസിനേയും മറുകൈകൊണ്ട് ബിജെപിയേയും തഴുകുന്ന ഏര്‍പ്പാട് തരൂര്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസിനകത്ത് ശക്തമായിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി ആരോപിച്ചിട്ടും ശാസിച്ചിട്ടും തരൂര്‍ മോദി സ്തുതിയും ബിജെപി സ്തുതിയും തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കെപിസിസി നേതൃത്വം തരൂരുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അനന്തപുരിയില്‍ നിന്നുള്ള സൂചന.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനാണ് നീക്കം. ഇനിയും തരൂരിനെ കയറൂരി വിടുന്നത് നല്ലതല്ലെന്ന് പരക്കെ കോണ്‍ഗ്രസില്‍ അഭിപ്രായം വന്നിട്ടുണ്ട്.

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ ശശി തരൂരിന്റെ വിജയാശംസ. യുഡിഎഫ് വിജയം മാറ്റത്തിന്റെ കാഹളം എന്നും തരൂര്‍ ഒപ്പം പറഞ്ഞെങ്കിലും ബിജെപിയുടെ വിജയത്തെ പ്രശംസിക്കാന്‍ തരൂര്‍ ശ്രമിച്ചതിലാണ് പ്രതിഷേധം.
നഗരസഭയിലെ 45 വര്‍ഷത്തെ എല്‍ ഡി എഫ് ദുരന്തഭരണത്തില്‍ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നല്‍കിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫിന്റെ ദീര്‍ഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തില്‍ യു ഡി എഫിന് വലിയ അഭിനന്ദനങ്ങള്‍! ഇത് വന്‍ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ നല്‍കുന്ന ശക്തമായ സൂചനയും. കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേര്‍ന്ന് 2020 ലേതിനേക്കാള്‍ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബി ജെ പി നടത്തിയത്. നഗരസഭയിലെ 45 വര്‍ഷത്തെ എല്‍ ഡി എഫ് ദുരന്തഭരണത്തില്‍ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നല്‍കിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തില്‍ യു ഡി എഫിനും എന്റെ മണ്ഡലത്തില്‍ ബി ജെ പിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.
തലസ്ഥാനത്ത് സംഭവിച്ചത് അതാണ്.






