‘ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഔദാര്യമല്ല, ജനങ്ങളുടെ അവകാശം’; സിപിഐഎം നേതാവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ പക്വതക്കുറവ് കൊണ്ടു വന്നത് ; മണിയാശാനെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കൊച്ചി: തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടത്തിയ വിവാദമായ പ്രസ്താവനയില്‍ മൂന്‍ മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. എം എം മണിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മണിയെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി രംഗത്ത് വന്നത്.
ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സര്‍ക്കാര്‍ കൊടുക്കുന്ന ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നുമായിരുന്നു എംഎ ബേബിയുടെ പ്രതികരണം. ഇത് ജനങ്ങളുടെ അവകാശമാണെന്ന സമീപനമാണ് എല്ലാക്കാലത്തും ഇടതുപക്ഷം നടത്തിയിട്ടുള്ളതെന്നും അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനമാണ് എംഎം മണിയുടേതെന്നും പറഞ്ഞു.
ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പറഞ്ഞു. തങ്ങള്‍ തരുന്ന പെന്‍ഷന്‍ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങള്‍ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം.
ഈ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം വി ജയരാജനും രംഗത്തുവന്നിരുന്നു. മണിയെ തള്ളാതെയായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. എം എം മണി നടത്തിയ പരാമര്‍ശത്തെ തോല്‍വിയുടെ ഭാഗമായി ഉണ്ടായ ഒന്നായി കാണണമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിച്ചിട്ടും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടെത്തണമെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്.
പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി സി സതീശനും രംഗത്തുവന്നിരുന്നു. ആനുകൂല്യങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്ന് ഔദാര്യം കൊടുത്തതാണോ എന്നും മണി പറഞ്ഞത് പിണറായി വിജയന്റെ മനസിലിരിപ്പാണെന്നും വിമര്‍ശിച്ചു.






